ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‍കര്‍ എന്‍ട്രിയായി ‘ലാപത്താ ലേഡീസ്’
ഇക്കുറി ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രിയായി ബോളിവുഡ് ചിത്രം ലാപത്താ ലേഡീസ്. ആകെ 29 ചിത്രങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ലാപത്താ ലേഡീസ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. 97-ാമത് ഓസ്കര്‍ പുരസ്കാരങ്ങളില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായാണ് ഈ സിനിമ മത്സരിക്കുക. ഫിലിം ഫെഡറഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കിരണ്‍ റാവു സംവിധാനം ചെയ്ത് മാര്‍ച്ച് 1 ന് തിയറ്ററുകളിലെത്തിയ ലാപത്താ ലേഡീസ് ഒരേസമയം പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ലഭിച്ച ചിത്രമാണ്. വിവാഹശേഷം ഭര്‍തൃഗൃഹത്തിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ രണ്ട് നവവധുക്കള്‍ പരസ്പരം മാറിപ്പോവുന്നതാണ് സിനിമയുടെ പ്ലോട്ട്. ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലായിരുന്നു സിനിമയുടെ പ്രീമിയര്‍.
ജിയോ സ്റ്റുഡിയോസ്, ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്‍ലിംഗ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആമിര്‍ ഖാന്‍, കിരണ്‍ റാവു, ജ്യോതി ദേശ്‍പാണ്ഡെ എന്നിവരായിരുന്നു നിര്‍മ്മാണം. യാഷ് രാജ് ഫിലിംസ് ആണ് വിതരണം ചെയ്തത്. മലയാള സിനിമയിൽ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ ഇതിനായി പരിഗണിച്ചിരുന്നു.