അന്ധവിശ്വാസങ്ങൾ തടയാന്‍ നിയമം കൊണ്ടുവരും; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ
18 October 2022
ദുര്‍മന്ത്രവാദം പോലെയുള്ള അന്ധ വിശ്വാസങ്ങൾക്കെതിരെ അവയെ തടയാൻ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ ദുര്‍മന്ത്രവാദം തടയാന്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി യുക്തിവാദി സംഘം നൽകിയ പൊതുതാത്പര്യ ഹര്ജിയിലായിരുന്നു സർക്കാർ നിലപാട് അറിയിച്ചത്.
ഇത്തരത്തിൽ ഒരു നിയമനിര്‍മാണം നടത്തുന്നതിനുള്ള പ്രാരംഭ നടപടിയിലാണ് സര്‍ക്കാര്‍. ഇതിനായുള്ള ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇന്ന് വ്യക്തമാക്കി. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പുതിയ നിയമ നിര്‍മാണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കുന്നതിനായി സാവകാശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചത്.