കർണാടകയിൽ ബിജെപി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി കോൺഗ്രസിലേക്ക്
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി കോൺഗ്രസിലേക്ക്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ലക്ഷ്മൺ സാവഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മുൻപ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ലക്ഷ്മൺ സാവഡി ബിജെപി അംഗത്വം രാജി വെക്കാൻ കാരണം. ഇത്തവണയും ഇതേ അതാനി സീറ്റിലാണ് അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്.
അതേസമയം, നേരത്തെ കർണാടക നിയമസഭയിൽ വച്ച് നീലച്ചിത്രം കണ്ടതിന്റെ പേരിൽ വിവാദത്തിൽപ്പെട്ടയാളാണ് സാവഡി. മുൻ ബിജെപി മുഖ്യമന്ത്രിയായ യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവി മേഖലയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്.
2004 ൽ ബെലഗാവി അതാനി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്നാൽ 2018-ൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മഹേഷ് കുമത്തള്ളിയോട് തോറ്റു. 2019 ൽ മഹേഷ് കുമത്തള്ളി കൂറ് മാറി ബിജെപിയിലെത്തി. പിന്നീട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ മഹേഷ് കുമത്തള്ളി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചു. അന്ന് കുമത്തള്ളി ബിജെപിയിൽ എത്തിയപ്പോൾ 2023 ൽ തനിക്ക് തന്നെ ബെലഗാവി അതാനി സീറ്റ് നൽകുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നൽകിയതാണെന്ന് സാവഡി പറയുന്നു.