ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്

single-img
20 September 2022

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എം പി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ക്കെതിരെ സിപിഎം എല്‍ഡിഎഫ് നേതാക്കള്‍ കടുത്ത വിമര്‍ശനം തുടരുമ്ബോള്‍ ഗവര്‍ണറെ പിന്തുണച്ച്‌ ബിജെപി നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തി.

ഇന്നലെ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ച എല്‍ഡിഎഫ് നേതാക്കള്‍ രണ്ടാം ദിവസവും അത് തുടരുകയാണ്. ഗവര്‍ണര്‍ക്കെതിരെ എല്ലാ സാധ്യതകളും തേടുന്നതിന്റെ ഭാഗമായാണ് ബിനോയ് വിശ്വം രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്. ഭരണഘടന തത്വങ്ങള്‍ പാലിക്കാന്‍ രാഷ്ട്രപതി ഗവര്‍ണറെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് വിശ്വം രാഷ്ടപതിക്ക് കത്ത് നല്‍കിയത്.

അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച്‌ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. ഗവര്‍ണറെ ഉപയോഗിച്ച്‌ ആര്‍എസ്‌എസ് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും മന്ത്രി എം ബി രാജേഷും കുറ്റപ്പെടുത്തി. ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രവൃത്തി വലിയ ഭരണഘടനാപ്രശ്നമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരും പ്രമുഖ എല്‍ഡിഎഫ് നേതാക്കളുമെല്ലാം ഗവര്‍ണര്‍ വിമര്‍ശനം തുടരുമ്ബോള്‍ ബിജെപി നേതാക്കളൊന്നാകെ ഗവര്‍ണര്‍ക്ക് പിന്നില്‍ അണിനിരക്കുകയാണ്. ആര്‍എസ്‌എസ് നേതാക്കളെ പടിക്ക് പുറത്ത് നിര്‍ത്തിയിരുന്ന രാഷ്ട്രീയത്തിന്‍റെ കാലം കഴിഞ്ഞെന്ന് പറഞ്ഞാണ് സിപിഎം നേതാക്കളെ ബിജെപി നേരിടുന്നത്.