കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന്റെ ആവേശത്തില്‍ നേതാക്കള്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന്റെ ആവേശത്തില്‍ നേതാക്കള്‍. കന്നഡ മണ്ണില്‍ നേടിയത് വന്‍ വിജയമെന്ന് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.
അഴിമതിക്കെതിരായ കോണ്‍ഗ്രസ് മുദ്രാവാക്യം ജനം ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് ഈ മിന്നും വിജയം. ബിജെപിയെ തോല്‍പിക്കാനുപയോഗിച്ച പ്രധാന ആയുധം അഴിമതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രചാരണമാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ ഒറ്റക്ക് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും പ്രതികരിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ ജെഡിഎസിന്‍്റെ പിന്തുണ വേണ്ട. ഇത് കോണ്‍ഗ്രസിലെ കൂട്ടായ്മയുടെ വിജയമാണ്. ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഈ മിന്നും വിജയത്തില്‍ തുല്യ പങ്കുണ്ട്. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു. ഇപ്പോള്‍ പരാജയപ്പെട്ടപ്പോള്‍ നദ്ദയുടെ തലയില്‍ കെട്ടി വയ്ക്കുന്നു. കോണ്‍ഗ്രസിന് വരും തെരഞ്ഞെടുപ്പുകള്‍ക്കുള്ള ബൂസ്റ്റര്‍ ഡോസാണ് കര്‍ണാടകയിലെ ഫലമെന്നും പവന്‍ ഖേര വ്യക്തമാക്കി.
കര്‍ണാടകയില്‍ കുതിരക്കച്ചവടം തടയാന്‍ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ജയസാധ്യതയുള്ളവരുമായി നിരന്തര ആശയവിനിമയം നടത്തുകയാണ് നേതാക്കള്‍. വിജയിക്കുന്നവരെയെല്ലാം ബംഗ്ലൂരുവിലേക്ക് മാറ്റും. ഇന്നലെ രാത്രി എല്ലാ ജില്ലാ പ്രസിഡന്‍റുമാരുമായും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി. ഒരു കാരണവശാലും കൂറുമാറ്റമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.