‘സ്വതന്ത്ര’ ലോകത്തെ നേതാക്കൾ പലസ്തീനിലെ വംശഹത്യയ്ക്ക് ധനസഹായവും പിന്തുണയും നൽകുന്നത് തുടരുന്നു: പ്രിയങ്ക ഗാന്ധി
ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗാസയിൽ ഇപ്പോഴുള്ള സ്ഥിതിഗതികൾ ഭയാനകമാണ്. പതിനായിരത്തിലധികം സാധാരണക്കാർ കൂട്ടക്കൊലക്കിരയായി. ഗാസയിലെ ആയിരങ്ങളുടെ വംശഹത്യക്ക് ‘സ്വതന്ത്രലോക’ നേതാക്കൾ ധനസഹായം നൽകിയെന്നും പ്രിയങ്ക ആരോപിച്ചു.
എന്നാൽ, ഇസ്രയേലിനേയൊ സ്വതന്ത്ര ലോകത്തിൽ ഉൾപ്പെട്ട രാജ്യങ്ങള്‍ ഏതൊക്കെയാണെന്നോ പേര് എടുത്ത് പറയാതെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പ്രിയങ്കയുടെ വാക്കുകൾ ഇങ്ങിനെ: ‘പതിനായിരത്തിലധികം ആളുകൾ കൂട്ടക്കൊലക്കിരയായി. അതിൽ 5000 പേർ കുട്ടികളാണ്. ഇത് ഭയാനകവും നാണക്കേടുണ്ടാക്കുന്നതുമാണ്. കുടുംബങ്ങൾ തകർന്നു. ആശുപത്രികളും ആംബുലൻസുകളും ബോംബെറിഞ്ഞ് തകർത്തു.
അഭയാർത്ഥി ക്യാമ്പുകളേയും വെറുതെവിട്ടില്ല. എന്നിട്ടും ‘സ്വതന്ത്ര’ ലോകത്തെ നേതാക്കൾ എന്ന് വിളിക്കപ്പെടുന്നവർ പലസ്തീനിലെ വംശഹത്യയ്ക്ക് ധനസഹായവും പിന്തുണയും നൽകുന്നത് തുടരുന്നു,’ പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. ഗാസയിലെ അടിയന്തര വെടിനിർത്തൽ എന്നത് അന്താരാഷ്ട്ര സമൂഹം നടത്തേണ്ട ഏറ്റവും ചെറിയ നടപടിയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.