ലീഗ് യുഡിഎഫ് വിട്ടുവന്നതിന് ശേഷം എൽഡിഎഫിൽ ഉൾപ്പെടുത്തുന്നത് ആലോചിക്കാം: കാനം രാജേന്ദ്രൻ
മുസ്ലീം ലീഗിനെ ഇപ്പോൾ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നത് ഇപ്പോൾ ആലോചനയിലില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുസ്ലിം ലീഗ് യുഡിഎഫ് വിട്ടുവന്നതിന് ശേഷം ഇക്കാര്യം ആലോചിക്കാമെന്നും പാർട്ടി അംഗസംഖ്യ കൂടുന്നതിന് അനുസരിച്ച് മുന്നണി സംവിധാനത്തിൽ സീറ്റ് അധികം കിട്ടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ തെരഞ്ഞെടുപ്പുകളിൽ വിജയശതമാനം ഉയർത്തുന്നതാണ് ലക്ഷ്യമെന്നും കാനം കൂട്ടിച്ചേർത്തു. ഇടതുമുന്നണിയുടെ വിപുലീകരണത്തെ പറ്റി നിലവിൽ ആലോചിച്ചിട്ടില്ല. മുന്നണി വിപുലീകരണിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ല. ഈ വിഷയത്തിൽ ആദ്യം മുന്നണിയിലെ കക്ഷികൾ സമവായത്തിൽ എത്തട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടതുമുന്നണി വിപുലീകരിക്കണം എന്ന ചിന്തയിൽ നിലവിൽ മുസ്ലിം ലീഗ് ഇല്ല. അതേസമയം, കേരളാ കോണ്ഗ്രസ്സിന്റെ ഇടതുമുന്നണിയിലേക്കുള്ള വരവ് ഗുണം ചെയ്തിട്ടുണ്ട്. അവരുടെ ചില ശക്തി കേന്ദ്രങ്ങളിൽ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു.