തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കുന്നു; 253 രാഷ്ട്രീയ പാർട്ടികളെ നിഷ്‌ക്രിയമായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
15 September 2022

രാജ്യവ്യാപകമായി 253 അനംഗീകൃത രജിസ്‌ട്രേഡ് പാര്‍ട്ടികളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷക്രിയമായി പ്രഖ്യാപിച്ചു. നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത 339 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.

ഇന്നത്തെ തീരുമാനത്തോടെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കാത്ത കാരണത്താല്‍ കമ്മീഷന്‍ ഒഴിവാക്കിയ പാര്‍ട്ടികളുടെ എണ്ണം 537 ആയി.2022 മെയ് 25 മുതലുള്ള കണക്കാണിത്. നിലവിൽ ബിഹാര്‍, ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരടങ്ങിയ കമ്മീഷനാണ് പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുത്തത്.

രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കാനും വിശാല പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുമാണ് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍, നിഷ്‌ക്രിയരായി പ്രഖ്യാപിച്ച 253 പാര്‍ട്ടികള്‍ അവര്‍ക്ക് നല്‍കിയ കത്തിനോ നോട്ടിസിനോ മറുപടി നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി . മാത്രമല്ല, ഇവ ഒരു സംസ്ഥാനത്തിന്റെ പൊതുസഭയിലേക്കോ 2014, 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലടക്കം ഒന്നിലും മത്സരിക്കുകയും ചെയ്തിരുന്നുമില്ലെന്നും പരിശോധനയിൽ കണ്ടെത്തി.