ഗവർണർക്കെതിരെ ഇടതുമുന്നണി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

single-img
23 October 2022

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. ഇന്ന് ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. അടുത്ത മാസം 15-ന് രാജ്ഭവന്റെ മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സർവകലാശാലകളുടെ ചാന്‍സലര്‍ എന്ന പദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് ഗവര്‍ണര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ അപമാനകരമാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമാനമായി ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, സമൂഹത്തിലെ മറ്റു പ്രമുഖര്‍ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തില്‍ നവംബര്‍ രണ്ടാം തീയ്യതി തിരുവനന്തപുരത്ത് കണ്‍വെന്‍ഷന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളാ ജനത ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെ എതിര്‍ക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ പരസ്യപ്രചരണത്തിന് നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തില്‍ യോജിച്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്.