വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കാന്തപുരം
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലീയാര്‍ അറിയിച്ചു . ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളുമായി തനിക്ക് ബന്ധമില്ലെന്നും കാന്തപരും അറിയിച്ചു.
സിപിഎം പ്രതിനിധികള്‍ കേന്ദ്രത്തില്‍പ്പോയി ഇന്ത്യ മുന്നണിയ്ക്ക് പിന്തുണ കൊടുക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും യുഡിഎഫിന് പിന്തുണ നല്‍കുമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
ഇതോടൊപ്പം റിയാസ് മൗലവി വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിലും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ കാന്തപുരം പ്രസ്താവന നടത്തിയെന്ന് ഉള്‍പ്പെടെയായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഈ രീതിയിലുള്ള പോസ്റ്റുകള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് നിയമനടപടിയ്ക്ക് കാന്തപുരം ഒരുങ്ങുന്നത്.