കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടി തുടരും: ഇ പി ജയരാജന്‍


വധശ്രമ ക്കേസിലെ ഗൂഢാലോചന കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടി തുടരുമെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍ . സുപ്രിം കോടതിയിയെ സമീപിക്കുമെന്നും അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു .
അപ്പീൽ നൽകാൻ സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെടും. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ. പ്രതികൾക്ക് തന്നോട് നേരിട്ട് വിരോധമില്ല. പിണറായി വിജയനായിരുന്നു അവരുടെ ലക്ഷ്യം. പ്രതികളെ വാടകക്കെടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി ചെയ്ത സംഭവമാണ്.
തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞോയെന്ന് പരിശോധിക്കണം. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗൂഢാലോചന കേസില്‍ കുറ്റവിമുക്തനാക്കിയ വിധിയില്‍ സന്തോഷമെന്ന് കെ സുധാകരന്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥ ഉണ്ടാക്കി വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഐഎം. കേസ് ഏറെ നീണ്ടുപോയി. തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത് പോലെയാണ് മനസെന്നും അദ്ദേഹം പ്രതികരിച്ചു.