പിതാവില്‍നിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെണ്‍മക്കളുടെ നിയമപരമായ അവകാശം; ഹൈക്കോടതി
കൊച്ചി: പിതാവില്‍നിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെണ്‍മക്കളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി.
ഏതു മതത്തില്‍പ്പെട്ടതാണെങ്കിലും വിവാഹധനസഹായത്തിന് പെണ്‍മക്കള്‍ക്ക് അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പിജി അജിത്കുമാറും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മാതാപിതാക്കള്‍ അകന്നുകഴിയുകയാണെന്നും തങ്ങള്‍ അമ്മയോടൊപ്പമാണെന്നും മക്കള്‍ അറിയിച്ചു. വിവാഹച്ചെലവിന് പിതാവില്‍നിന്ന് 45 ലക്ഷം ലഭ്യമാക്കുന്നതിനായി കുടുംബ കോടതിയെ സമീപിച്ചെങ്കിലും ഏഴര ലക്ഷമാണ് അനുവദിച്ചത്.
തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം ചെലവഴിച്ചെന്നും ഇനിയും പണം നല്‍കാനാകില്ലെന്നുമായിരുന്നു പിതാവിന്റെ വാദം. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഹര്‍ജിക്കാര്‍ക്കു പിതാവില്‍നിന്ന് വിവാഹച്ചെലവിന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് കോടതി പരിഗണിച്ചത്. ഹിന്ദു വ്യക്തി നിയമപ്രകാരം അവിവാഹിതരായ ഹിന്ദുയുവതികള്‍ക്കു പിതാവില്‍നിന്ന് വിവാഹസഹായം ലഭിക്കാന്‍ അര്‍ഹരാണ്.
2011-ല്‍ ഇസ്മയില്‍-ഫാത്തിമ കേസില്‍ ഏതു മതത്തില്‍പ്പെട്ട പിതാവിനും പെണ്‍മക്കളുടെ വിവാഹത്തിന് സഹായം നല്‍കാന്‍ ബാധ്യതയുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹര്‍ജിക്കാര്‍ പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ സ്വര്‍ണം ഉപയോഗിക്കാറില്ല. അതിനാല്‍ സ്വര്‍ണം വാങ്ങാനായി ആവശ്യപ്പെട്ട പണം കുറച്ച് വിവാഹസഹായമായി 15 ലക്ഷം രൂപ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.