ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാനം തകർന്നിരിക്കുന്നു: രാഹുൽ ഗാന്ധി

single-img
12 September 2024

മധ്യപ്രദേശിൽ സവാരിക്കിറങ്ങിയ രണ്ട് യുവ സൈനികരെ ആക്രമിക്കുകയും അവരുടെ പെൺ സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് ഇന്ത്യൻ സമൂഹത്തെയാകെ നാണംകെടുത്തുന്നതാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാനം തകർന്നിരിക്കുന്നെന്നും രാഹുൽ രൂക്ഷ വിമർശനം ഉന്നയിച്ചു .

‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാനം നിലനിൽക്കുന്നില്ല- മാത്രമല്ല, സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ ബിജെപി സർക്കാരിൻ്റെ നിഷേധാത്മക സമീപനം അങ്ങേയറ്റം ആശങ്കാജനകമാണ്. ഭരണകൂടം സമ്പൂർണ്ണ പരാജയമായതിനാലാണ് ക്രിമിനലുകൾക്ക് ഭയമില്ലാത്തത്, ഇങ്ങനെ രാജ്യത്ത് വളരുന്ന സുരക്ഷിതമല്ലാത്ത അന്തരീക്ഷം ഇന്ത്യയിലെ പെൺമക്കളുടെ സ്വാതന്ത്ര്യത്തിനെയും അവരുടെ അഭിലാഷങ്ങളെയും ഇല്ലാതാക്കും.

സമൂഹവും സർക്കാരും ലജ്ജിക്കുകയും ഗൗരവമായി ചിന്തിക്കുകയും വേണം- രാജ്യത്തെ ജനസംഖ്യയുടെ പകുതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് അവർ എത്രനാൾ കണ്ണടയ്ക്കും!- രാഹുൽ കുറിച്ചു.

അതേസമയം, മധ്യപ്രദേശിൽ രാത്രി സവാരിക്കിറങ്ങിയ രണ്ട് യുവ സൈനികർക്കും ഒപ്പമുണ്ടായിരുന്ന പെൺ സുഹൃത്തുക്കൾക്ക് നേരെയും ആണ് അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. വനിതാ സുഹൃത്തുക്കളിൽ ഒരാളെ തോക്കിൻ മുനയിൽ നിർത്തി സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടയായിരുന്നു സംഭവം.