നിയമസഭാ സമ്മേളനത്തിൽ പ്രധാനം നിയമനിർമാണം: സ്പീക്കർ എ.എൻ. ഷംസീർ

single-img
3 October 2024

നാളെ (ഒക്ടോബർ 4) ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയമ നിർമ്മാണത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. നിയമസഭാ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.

ഈ സമ്മേളനത്തിൽ ആകെ 9 ദിവസമാണ് സഭ ചേരാൻ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബർ 4ന് വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അന്നേ ദിവസത്തേക്ക് സഭ പിരിയും.

സമ്മേളന കാലയളവിൽ ബാക്കി എട്ട് ദിവസങ്ങളിൽ ആറു ദിവസങ്ങൾ സർക്കാർ കാര്യങ്ങൾക്കും രണ്ട് ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കുമായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബർ 18ന് നടപടികൾ പൂർത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

ഈ സമ്മേളന കാലയളവിൽ പരിഗണനയ്ക്കു വരുന്ന പ്രധാന ബില്ലുകൾ;

ദ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (അമന്റ്മെൻഡ്) ബിൽ (ബിൽ നം.179), 2023-ലെ കേരള കന്നുകാലി പ്രജനന ബിൽ (ബിൽ നം. 180), ദ കേരള പബ്ലിക് സർവീസ് കമ്മീഷൻ (അഡീഷണൽ ഫങ്ഷൻസ് ആസ് റെസ്പെക്ട്സ് സേർട്ടൺ കോർപ്പറേഷൻസ് ആൻഡ് കമ്പനീസ്) അമന്റ്മെൻഡ് ബിൽ 2024 (ബിൽ നം.190), കേരള ജനറൽ സെൽസ് ടാക്സ് (അമന്റ്മെൻഡ്) ബിൽ 2024 (ബിൽ നം.191), 2024-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബിൽ (ബിൽ നം. 213), ദ പേയ്മെന്റ് ഓഫ് സാലറീസ് ആൻഡ് അലവൻസസ് (അമന്റ്മെൻഡ്) ബിൽ 2022 (ബിൽ നം.107) എന്നിവയാണ്.

കൂടാതെ, 2017- ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020- ലെ കേരള ധനകാര്യ നിയമം, 2008- ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024-ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തിൽ പരിഗണിച്ച് പാസാക്കേണ്ടതുണ്ട്. ബില്ലുകൾ പരിഗണിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഒക്ടോബർ 4ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും.