സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ പാസാക്കി നിയമസഭ
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കി. പകരമായി പുതിയ ചാൻസലറെ തീരുമാനിക്കാൻ സമിതിയെന്ന പ്രതിപക്ഷ ആവശ്യം ഔദ്യോഗിക ഭേദഗതിയായി ബില്ലിൽ സർക്കാർ ഉൾപ്പെടുത്തി.
വിവിധ സർവകലാശാലകളിൽ പുതിയ ചാൻസലറെ കണ്ടെത്താൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ എന്നിവരടങ്ങിയ സമിതിയുണ്ടാകുമെന്ന ഭേദഗതിയാണ് പ്രധാന മാറ്റം. അതേസമയം, വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ സുപ്രീം കോടതി ജഡ്ജിയേയോ ചാൻസലറാക്കണമെെന്ന പ്രതിപക്ഷ ഭേദഗതി സർക്കാർ തള്ളി.
പ്രതിപക്ഷം ഉയർത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പകരം സ്പീക്കറെ സർക്കാർ നിർദേശിച്ചു. എന്നാൽ വിരമിച്ച ജഡ്ജിമാർ എല്ലാത്തിലും ആധികാരിക വാക്കല്ലെന്നും സർവകലാശാലകൾക്ക് വേണ്ടത് ധൈഷണിക നേതൃത്വമാണെന്നും വാദിച്ച സർക്കാർ ചീഫ് ജസ്റ്റിസിനെ സമിതിയിൽ കൊണ്ടുവന്നാൽ കേസുകൾ കോടതിയിൽ വരുമ്പോഴുണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ ഭേദഗതി തള്ളി. എന്നാൽ നിർദേശം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.