ഗൂഡല്ലൂർ ആറാട്ടുപാറയിൽ മൂന്ന് പേരെ കൊന്ന കേസിൽ വയനാട് കൃഷ്ണഗിരി സ്വദേശി ലെനിന് 42 വർഷം തടവ് ശിക്ഷ
ഗൂഡല്ലൂർ: ഗൂഡല്ലൂർ ആറാട്ടുപാറയിൽ മൂന്ന് പേരെ കൊന്ന കേസിൽ വയനാട് കൃഷ്ണഗിരി സ്വദേശി ലെനിന് 42 വർഷം തടവ് ശിക്ഷ. ഊട്ടി വനിതാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. വയനാട്ടിൽ ഒരു പീഡനക്കേസിൽ അറസ്റ്റിലായപ്പോൾ, സ്റ്റേഷനിലെ ചില്ലിൽ സ്വയം തലയടിച്ച് പൊട്ടിച്ച് പരാക്രമം കാണിച്ച ലെനിന്‍, സ്ഥിരം കുറ്റവാളിയാണ്. 2014 ജൂൺ 23 ശനിയാഴ്ച രാത്രിയാണ് പ്രതി ലെനിന്‍ നീലഗിരിയെ ഞെട്ടിച്ച കൊലപാതകങ്ങള്‍ ചെയ്തത്.
ലെനിനും ആറാട്ടുപാറ സ്വദേശി ജോഷ്നയും സൌഹൃദത്തിലായിരുന്നു. അടുപ്പം പ്രണയമായി. പിന്നാലെ വിവാഹക്കാര്യം പറഞ്ഞ് പ്രതി ലെനിൻ ജോഷ്നയുടെ കുടുംബത്തെ സമീപിച്ചു. ലെനിന്‍ ലഹരി കേസുകളിലും മറ്റും ഉൾപ്പെട്ടയാളാണെന്ന് വ്യക്തമായതോടെ, കുടുംബം അഭ്യർത്ഥന നിരസിച്ചു. വൈകാതെ, ജോഷ്നയ്ക് വേറെ കല്യാണം ഉറപ്പിച്ചു. ഇതിൽ പക മൂത്ത് ലെനിൽ ആയുധവുമായി ജോഷ്നയുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. ആയുധവുമായെത്തിയ ലെനിന്‍ ആദ്യം ആക്രമിച്ചതും ജോഷ്നയെ ആയിരുന്നു.
മകളെ അക്രമിക്കുന്നത് തടയാനെത്തിയ അച്ഛൻ, അമ്മ, മുത്തശ്ശി എന്നിവരെ ലെനിൽ ക്രൂരമായി മർദിച്ചു കൊന്നു. എന്നാല്‍ ജോഷ്ന പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കൃത്യത്തിന് പുറമെ വീട്ടിൽ നിന്ന് മൂന്ന് സ്വർണമാലയും എഴുപതിനായിരം രൂപയുമായി പ്രതി മുങ്ങിയത്. എന്നാൽ, വൈകാതെ ന്യൂഹോപ്പ് പൊലീസ് ആയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഈ കേസിലാണ് പ്രതിയെ ഊട്ടി വനിതാ കോടതി ശിക്ഷിച്ചത്.
പരോളിൽ ഇറങ്ങി മുങ്ങി നടക്കുന്നതിനിടെ, ഇയാൾ പീഡനക്കേസിലും ഉൾപ്പെട്ടു. ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്ത സമയത്ത് ലെനിന്‍ സ്റ്റേഷനിൽ പരാക്രമം നടത്തിയിരുന്നു. ചില്ലിൽ തലയടിച്ച് പൊട്ടിച്ചായിരുന്നു ബഹളം വച്ചത്. വയനാട്ടിലെ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പീഡനം, ലഹരിക്കടത്ത് അടക്കമുള്ള കേസുകളുണ്ട്.