ഏത് മേഖലയിൽ പ്രതിസന്ധി വന്നാലും കേന്ദ്രത്തെ പഴിക്കാം എന്ന മുഖ്യമന്ത്രിയുടെ ക്യാപ്സൂൾ കയ്യിലിരിക്കട്ടെ: വി മുരളീധരൻ
നെല്ലിന്‍റെ കണക്ക് കൊടുത്തിട്ടും കേന്ദ്രസർക്കാരിൽ നിന്നും കുടിശിക കിട്ടാനുണ്ടെന്ന വാദത്തിനു നിരക്കുന്ന തെളിവുകൾ കൃഷിമന്ത്രി പി.പ്രസാദ് പുറത്തു വിടണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. കേന്ദ്രസഹായം ലഭ്യമാകാത്തതിനാലാണ് നെൽ കർഷകർക്കു സംഭരണത്തുക നൽകാനാകാത്തതെന്ന കൃഷിമന്ത്രിയുടെ പ്രസ്താവനയോട് മറുപടിയായാണ് മുരളീധരൻ തെളിവ് ആവശ്യപ്പെട്ടത്.
“സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഒരു നയാപ്പൈസ പോലും കേന്ദ്രം പിടിച്ചുവയ്ക്കാറില്ല. ഓണക്കിറ്റ് മുതല്‍ നെല്ലുവില വരെ എന്തിനുമേതിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാൻ നോക്കരുത്. ചട്ടങ്ങൾ പാലിച്ച് കേരളത്തിന് അര്‍ഹതപ്പെട്ട തുക പൂര്‍ണമായും നല്‍കിയിട്ടുണ്ട്”- കണക്കുകൾ നിരത്തി വി മുരളീധരൻ വിശദീകരിച്ചു.
“ആരോഗ്യമേഖലയ്ക്കുള്ള ഗ്രാന്‍റ് ഇനത്തിൽ 2021–22 സാമ്പത്തിക വര്‍ഷത്തില്‍ 521.43 കോടിയും, 2022–23 ല്‍ 421.81 കോടിയും നല്‍കി. അനുവദിച്ച തുക 50 ശതമാനത്തിനു മേല്‍ ചെലവഴിക്കണമെന്ന മാനദണ്ഡം പാലിക്കാത്തതു കൊണ്ടാണ് ബാക്കി ലഭിക്കാത്തത്. മില്യൻ പ്ലസ് സിറ്റീസ് ഗ്രാന്‍റ് ഇനത്തിൽ 2021–22ല്‍ 256 കോടി നല്‍കി. 2022–23ല്‍ അനുവദിക്കപ്പെട്ട 265 കോടിയിൽ 213.4 കോടിയും നൽകിയിട്ടുണ്ട്. ഈ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷവും ധനകാര്യ കമ്മിഷന്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ കടമെടുപ്പ് അനുവദിച്ചിട്ടുണ്ട്.”
“വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മൂലധനനിക്ഷേപം 2023–24ല്‍ 1,925 കോടി അനുവദിച്ചു. കഴിഞ്ഞ വർഷം ലഭിച്ച തുക മുഴുവനായി പ്രയോജനപ്പെടുത്തത് കൊണ്ട് ഇതു നല്‍കിയിട്ടില്ല. 2021– 22, 2022–23 വർഷത്തെ ധനക്കമ്മി ഗ്രാന്‍റുകൾ മുഴുവനായി നല്‍കി. 2023–24ന്‍റേത് പ്രതിമാസ ഇന്‍സ്റ്റാള്‍മെന്‍റുകള്‍ ആയി നല്‍കുന്നുണ്ട്”- വി.മുരളീധരൻ വ്യക്തമാക്കി.
“ഏത് മേഖലയിൽ പ്രതിസന്ധി വന്നാലും കേന്ദ്രത്തെ പഴിക്കാം എന്ന മുഖ്യമന്ത്രിയുടെ ക്യാപ്സൂൾ കയ്യിലിരിക്കട്ടെ. ഒരുവശത്ത് പ്രതിസന്ധി പറയുന്നവരാണ് മറുവശത്ത് ഹെലികോപ്റ്ററിന് ലക്ഷങ്ങൾ പൊടിക്കുന്നത്. ഡൽഹിയിൽ കേരളത്തിനു വേണ്ടി സംസാരിക്കാൻ ഒരു കാബിനറ്റ് പ്രതിനിധിക്ക് വേണ്ടി ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. അവർ ഇതിന് മറുപടി പറയും. ഇതില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ല. പിടിപ്പുകേടിനും ജനദ്രോഹ നടപടികള്‍ക്കും കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപെടുന്നത് രീതി അവസാനിപ്പിക്കണം” – കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.