പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് വിദ്യാര്‍ഥികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോളജുകൾക്ക് കത്ത്

single-img
10 November 2022

ബംഗളൂരു: പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് വിദ്യാര്‍ഥികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് അധികൃതര്‍ക്ക് പ്രീ യൂനിവേഴ്സിറ്റി വകുപ്പിന്‍റെ കത്ത്.

കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് കിട്ടിയ കത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാലുണ്ടാകുന്ന ‘ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും’ എന്ന ഭീഷണിയുമുണ്ട്. ബംഗളൂരു റൂറലില്‍ ഉള്ള കോളജുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. നവംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവില്‍ എത്തുന്നുണ്ട്.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ രണ്ടിന്‍റെ ഉദ്ഘാടനവും വിമാനത്താവള പരിസരത്ത് കെംപഗൗഡയുടെ കൂറ്റന്‍ പ്രതിമയുടെ അനാച്ഛാദനവുമാണ് അദ്ദേഹം നിര്‍വഹിക്കുക. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളജുകള്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നാണ് കത്തിലുള്ളത്. ഇല്ലെങ്കില്‍ പിന്നെ സംഭവിക്കുന്നതിനെല്ലാം പ്രിന്‍സിപ്പല്‍മാര്‍ ഉത്തരവാദികളായിരിക്കുമെന്നാണ് കത്തിലെ മുന്നറിയിപ്പ്.

ആകെ 6500 കുട്ടികളെ കോളജുകള്‍ പങ്കെടുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ പി.യു കോളജില്‍നിന്ന് 1550 വിദ്യാര്‍ഥികള്‍, 4250 പേര്‍ സ്വകാര്യ കോളജുകളില്‍നിന്ന്, 700 പേര്‍ എയ്ഡഡ് കോളജുകളില്‍നിന്ന് എന്നിങ്ങനെ കുട്ടികളെ പരിപാടിയിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. ഇതിനായി 134 ബസുകളാണ് ഒരുക്കിയിരിക്കുന്നത്.