ഹിൻഡൻബർഗ് റിപ്പോർട്ട്: എൽഐസിയുടെ നഷ്ടം 42,759 കോടിയായി
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിടിവിനെ തുടർന്ന് പൊതുമേഖലാ സ്ഥാപനമായ എൽഐസിക്ക് ഒരാഴ്‌ച കൊണ്ട് സംഭവിച്ച നഷ്ടം 42759 കോടി രൂപ. ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിന് മുമ്പായി വിവിധ അദാനി കമ്പനികളിലായി എൽഐസിക്കുള്ള ഓഹരികളുടെ മൂല്യം 81268 കോടി രൂപയായിരുന്നു. എന്നാൽ ഏഴ് വിപണി ദിനങ്ങൾ കൊണ്ട് എൽഐസിക്കുള്ള ഓഹരികളുടെ മൂല്യം 38509 കോടി രൂപയിലേക്ക് കൂപ്പുകുത്തി.
അദാനി ടോട്ടൽ ഗ്യാസിൽ എൽഐസിയുടെ ഓഹരി മൂല്യം 25484 കോടി ആയിരുന്നത് 10664 കോടിയിലേക്ക് ഇടിഞ്ഞു. അദാനി പോർട്‌സിലെ 15029 കോടി രൂപ 9854 കോടിയിലെത്തി. അദാനി എന്റർപ്രൈസസിലെ 16585 കോടി രൂപ 7632 കോടിയിലേക്ക് വീണു. അദാനി ട്രാൻസ്‌മിഷനിലെ 11211 കോടി രൂപ 5701 കോടിയായി. അംബുജ സിമന്റിലെ 6261 കോടി രൂപ 4692 കോടിയിലെത്തി. അദാനി ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞതോടെ വിദേശ ധനകാര്യസ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം 1.44 ലക്ഷം കോടി രൂപയാണ്. മ്യൂച്ചൽ ഫണ്ടുകൾക്ക് 8282 കോടി നഷ്ടം സംഭവിച്ചു.
അതേസമയം ഓഹരികളുടെ വിലത്തകർച്ചയെ തുടർന്ന് 20000 കോടി രൂപയുടെ എഫ്‌പിഒ പിൻവലിച്ച അദാനി ഗ്രൂപ്പ് വിദേശ–- ആഭ്യന്തര വിപണികളിലായി പദ്ധതിയിട്ട ബോണ്ടുകളിൽനിന്നും പിൻവാങ്ങുന്നു. അംബുജ, എസിസി എന്നീ സിമന്റ് കമ്പനികൾ വാങ്ങുന്നതിനായി വിദേശബാങ്കുകളിൽ നിന്നെടുത്ത കടത്തിന്റെ പലിശ തിരിച്ചടവിനായി ലക്ഷ്യമിട്ട നാലായിരം കോടി രൂപയുടെ ഓവർസീസ് ബോണ്ടിൽ നിന്നും അദാനി ഗ്രൂപ്പ് പിൻവാങ്ങിയതായി റിപ്പോർട്ടുണ്ട്. ഒപ്പം ബോണ്ടുകളിറക്കി ആഭ്യന്തര വിപണിയിൽനിന്ന് ആയിരം കോടി സമാഹരിക്കാനുള്ള നീക്കവും ഉപേക്ഷിച്ചു.