രാഹുല്‍ ഗാന്ധി തുടങ്ങിയ ഭാരത് ജോഡോ യാത്ര പിആര്‍ സ്റ്റണ്ട് പോലെ: കെ കവിത
ഹിന്ദി ഭാഷ സംസാരിക്കുന്നവര്‍ ശൗചാലയം വൃത്തിയാക്കുന്നുവെന്ന ഡി.എം.കെ. എം.പി. ദയാനിധി മാരന്റെ പഴയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ആര്‍.എസ്. നേതാവ് കെ കവിത. രാഹുല്‍ ഗാന്ധി തുടങ്ങിയ ഭാരത് ജോഡോ യാത്ര പിആര്‍ സ്റ്റണ്ട് പോലെയാണെന്ന് പറഞ്ഞ കവിത, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൗനത്തെയും ചോദ്യം ചെയ്തു.
യുപിയിലെയും ബിഹാറിലെയും ഹിന്ദി സംസാരിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ വന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളും റോഡുകളും ശുചിമുറിയും വൃത്തിയാക്കുകയുമാണെന്ന ദയാനിദി മാരന്‍ 2019ല്‍ പറയുന്ന ക്ലിപ്പ് വലിയ വിവാദമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചവരെയും ഹിന്ദി മാത്രം പഠിച്ചവരെയും താരതമ്യം ചെയ്ത മാരന്‍, ആദ്യത്തെ വിഭാഗക്കാര്‍ ഐടി കമ്പിനികളിലും രണ്ടാമത്തെ വിഭാഗക്കാര്‍ തുച്ഛമായ വേതനത്തിലും ജോലി ചെയ്യുകയാണെന്നും പറഞ്ഞിരുന്നു.
‘ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ല മറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ഘടനയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കാര്യം. രാഹുലിന്റെ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമാണിവര്‍. രാജ്യത്തെ ഒരുമിക്കുന്നതിനായി നടത്തുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ച് നിരവധി പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി നടത്താറുണ്ടല്ലോ. എന്നാല്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയ നാതന ധര്‍മ പരാമര്‍ശത്തില്‍ അദ്ദേഹം സംസാരിക്കാതിരുന്നപ്പോള്‍ ഭാരത് ജോഡോ യാത്ര പിആര്‍ സ്റ്റണ്ട് പോലെയാണ് തോന്നുന്നത്’, കവിത പിടിഐയോട് പറഞ്ഞു.