സുരേഷ് ഗോപിയെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോട് താല്‍പര്യമില്ല: ശ്രീനിവാസൻ

single-img
26 April 2024

തൃശൂരിൽ മത്സരിക്കുന്ന നടൻ സുരേഷ് ഗോപിയെ തനിക്ക് ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോട് താല്‍പര്യമില്ലെന്ന് നടൻ ശ്രീനിവാസൻ . തൃപ്പൂണിത്തുറയിൽ ഇന്ന് വോട്ട് ചെയ്യാനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്തൊന്നും ഇന്ത്യ കരകയറാനുള്ള ലക്ഷണം കാണുന്നില്ലെന്നും ജനാധിപത്യത്തില്‍ താല്‍പര്യമില്ലെന്നും എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ വകുപ്പുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങിനെ :

‘ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാനായി ഇഷ്ടം പോലെ പഴുതുണ്ട്. ഈ ജനവിധി ജനങ്ങൾക്ക് എതിരായ ജനിവിധിയാണെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

ഗ്രീസിലാണ് ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത്. നമ്മളേക്കാൾ ബുദ്ധിയുണ്ടെന്ന് കരുതുന്ന സോക്രട്ടീസ് അന്നു പറഞ്ഞത് കഴിവുള്ളവരെ ജനങ്ങൾ വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്നു എന്നാണ്. എന്നാൽ , ഈ വോട്ട് ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്.

ഈ കാലഘട്ടത്തിൽ സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വില കൂടിയ വിഷം കഴിക്കുന്നത് ആർഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്.

ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാൻ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ മോശമായിട്ട് പറഞ്ഞപ്പോൾ, ദുബൈയിൽ നിന്നു ലീവിനു വന്ന ഒരാൾ ചോദിച്ചു; എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഞാൻ പറഞ്ഞു, ദുബൈയിൽനിന്നു വന്ന ഒരാൾ ഇങ്ങനെ ചോദിക്കരുത്. ദുബൈയിലുള്ള ഭരണാധികാരി ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാർട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അൽപം സ്നേഹം വേണം,” ശ്രീനിവാസൻ പറഞ്ഞു.