ടിപി കേസിലെ പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിർമ്മാണവും തമ്മിൽ ബന്ധം: കെ സുധാകരൻ

single-img
22 June 2024

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിർമ്മാണവും തമ്മിൽ ബന്ധമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്കെതിരെ സിപിഐഎമ്മിനുള്ളില്‍ എതിര്‍ ശബ്ദം ഉയര്‍ന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹവും നിഗൂഢവുമാണെന്ന് സുധാകരൻ പറഞ്ഞു.
ജയില്‍ സൂപ്രണ്ടിന്റെത് അസ്വാഭാവിക നടപടിയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

ഉന്നത സിപിഎം ഇടപെടലില്ലാതെ ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്യില്ല. ഇനിയും കേരളത്തില്‍ ആരുടെയൊക്കെയോ രക്തം ഒഴുക്കാനാണ് നീക്കമെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി ടി പി കേസ് പ്രതികളോട് ഇത്രയേറെ കടപ്പെട്ടിരിക്കുന്നത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു.

ഇതറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേ‍ർത്തു. കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. ടി പി കേസ് പ്രതികളുടെ പേര് ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ ലിസ്റ്റാണിത്. ഈ ലിസ്റ്റ് നൽകിയത് എന്തിനെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024 ജനുവരിയിലാണ് കോടതി ഉത്തരവ് വന്നത്. കോടതി ഉത്തരവിന് മുമ്പാണ് ലിസ്റ്റ് തയ്യാറാക്കിയത്. കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് വിശദീകരണം ചോദിക്കുമെന്നും ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം നടന്നത്. ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനായിരുന്നു നീക്കം.