ഖത്തറില്‍ തന്‍റെ അവസാന ഫിഫ ലോകകപ്പ് ആയിരിക്കുമെന്ന് ലിയോണല്‍ മെസി
ബ്യൂണസ് ഐറിസ്: ഖത്തറില്‍ തന്‍റെ അവസാന ഫിഫ ലോകകപ്പ് ആയിരിക്കുമെന്ന് അര്‍ജന്‍റൈന്‍ നായകന്‍ ലിയോണല്‍ മെസി.
ഇക്കാര്യം തീരുമാനിച്ചുവെന്നും ലോകകപ്പില്‍ കളിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും മെസി പറഞ്ഞു. മെസിയുടെ കരിയറിലെ അഞ്ചാം ലോകകപ്പാണ് അടുത്ത മാസം മുതല്‍ ഖത്തറില്‍ നടക്കുക.
മെസിയുടെ വാക്കുകള്‍
‘ലോകകപ്പില്‍ എന്താണ് സംഭവിക്കുക എന്നോര്‍ക്കുമ്ബോള്‍ ആശങ്കയുണ്ട്. ലോകകപ്പില്‍ ഒന്നും പ്രവചിക്കാന്‍ കഴിയില്ല. ഓരോ മത്സരവും പ്രധാനമാണ്. കിരീട സാധ്യത കല്‍പിക്കപ്പെടുന്നവര്‍ മിക്കപ്പോഴും തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ലോകകപ്പുകളില്‍ കാണാറുള്ളത്. അര്‍ജന്‍റീന കിരീട സാധ്യത കല്‍പിക്കപ്പെടുന്നവരില്‍ ഉണ്ടോയെന്ന് തനിക്ക് അറിയില്ല. ശാരീരികമായി ഞാന്‍ മികച്ച നിലയിലാണ്. മികച്ച പ്രീ-സീസണായിരുന്നു ഇത്തവണ. തൊട്ട് മുമ്ബത്തെ വര്‍ഷം അങ്ങനെയായിരുന്നില്ല’ എന്നും മെസി പറഞ്ഞു. എന്നാല്‍ ലോകകപ്പ് കഴിയുന്നതോടെ ദേശീയ കുപ്പായത്തില്‍ നിന്ന് വിരമിക്കുമോയെന്ന് 35കാരനായ മെസി വ്യക്തമാക്കിയിട്ടില്ല.
ഖത്തര്‍ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നാണ് അര്‍ജന്‍റീന എന്ന് വിലയിരുത്തലുകളുണ്ട്. അവസാന 35 കളിയില്‍ തോല്‍വി അറിയാതെയാണ് മെസിയുടെ അര്‍ജന്‍റീന ഖത്തര്‍ ലോകകപ്പിന് എത്തുന്നത്. മാത്രമല്ല, 2021 കോപ്പ അമേരിക്ക കിരീടം നേടിയതും അര്‍ജന്‍റീനയ്ക്ക് പ്രതീക്ഷയാണ്. ബന്ധവൈരികളായ ബ്രസീലിനെ തകര്‍ത്തായിരുന്നു മെസിയും കൂട്ടരും കിരീടം ഉയര്‍ത്തിയത്. 1978, 1986 വര്‍ഷങ്ങളിലാണ് അര്‍ജന്‍റീന ഫിഫ ലോകകപ്പ് നേടിയിട്ടുള്ളത്.
ഖത്തറില്‍ നവംബര്‍ 22ന് സൗദി അറേബ്യക്ക് എതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. ഇതിന് ശേഷം ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ, പോളണ്ട് ടീമുകള്‍ക്കെതിരെയും അര്‍ജന്‍റീനയ്ക്ക് മത്സരമുണ്ട്. ഖത്തറില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കും മുമ്ബ് യുഎഇയുമായി അര്‍ജന്‍റീനയ്ക്ക് വാംഅപ് മത്സരമുണ്ട്.