പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാനെത്തിയ സമരക്കാരെ കൈകാര്യം ചെയ്ത് നാട്ടുകാര്‍
കണ്ണൂര്‍: പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാനെത്തിയവരെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. ഹര്‍ത്താല്‍ അനുകൂലികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്.
കട അടപ്പിക്കാനെത്തിയ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ തൃക്കരിപ്പൂര്‍ സ്വദേശി മുബഷീര്‍, ഒളവറ സ്വദേശി മുനീര്‍, രാമന്തളി സ്വദേശികളായ നര്‍ഷാദ്, ഷുഹൈബ് എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഇതിനിടെ കണ്ണൂര്‍, മട്ടന്നൂരില്‍ ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടായി. ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികളുമായി പഠനയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്. യാത്ര കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അക്രമം. ഇതുവരെ 50 കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആര്‍.ക്യാമ്ബിലെ കോണ്‍സ്റ്റബിള്‍ നിഖില്‍ എന്നിവര്‍ക്ക് ഗുരുതര പരിക്ക്. ഇവരെ കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ വിളക്കോട് ലോറിക്ക് നേരെയും കല്ലേറുണ്ടായി. ചെങ്കല്‍ ലോഡിറക്കിയ ശേഷം മടങ്ങിയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിന്‍്റെ ഗ്ലാസ് തകര്‍ന്നു. പലയിടത്തും കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ക്ക് നേരെ ഉള്‍പ്പെടെ ഹര്‍ത്താലിനെ തുടര്‍ന്ന് കല്ലേറ് ഉണ്ടായി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത്. കോട്ടയത്ത് കുറിച്ചിയില്‍ എം സി റോഡില്‍ കെഎസ്‌ആര്‍ടി സി ബസുകള്‍ക്ക് നേരേയും കല്ലേറ് ഉണ്ടായി.