ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ വേണ്ടി: രാഹുൽ ഗാന്ധി

single-img
11 April 2024

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ വിളകള്‍ക്ക് മിനിമം താങ്ങുവിലയും യുവാക്കള്‍ തൊഴിലും സ്ത്രീകള്‍ വിലക്കയറ്റത്തില്‍ നിന്നും മോചനവും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതൊന്നും കേള്‍ക്കാന്‍ ഇവിടെ ആരുമില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇവിടെ അംബാനിയുടെ വിവാഹമാണ് മാധ്യമങ്ങള്‍ക്ക് പ്രധാനം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ കാണിക്കുന്നില്ല.

നമ്മുടെ മാധ്യമങ്ങള്‍ പ്രധാനമന്ത്രിക്ക് ജയ് വിളിക്കുകയാണ്. മാധ്യമങ്ങളുടെ തലപ്പത്ത് പോലും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ആരുമില്ല. പ്രതിഷേധവുമായി തെരുവിലിറങ്ങിയ കര്‍ഷകരെ ഭീകരര്‍ എന്നുവിളിക്കുന്നു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ കോടികളാണ് നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ രണ്ട് കോടി യുവാക്കള്‍ക്ക് ജോലി നല്‍കും എന്നതുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് ബിജെപി സര്‍ക്കാര്‍ നല്‍കിയത്. ബാങ്ക് അക്കൗണ്ട് വഴി ഓരോ പൗരനും 15 ലക്ഷം നല്‍കുമെന്ന് വാഗ്ദാനം നല്‍കി. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയവയിലൂടെ ജനങ്ങളുടെ പണം കൊണ്ടുപോയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.