ലോകായുക്ത പിരിച്ചുവിടണം: എൻ കെ പ്രേമചന്ദ്രൻ
ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നു ലോകായുക്ത പിരിച്ചുവിടണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിൽ പിഎം നിലപാട് വ്യക്തമാക്കണം എന്നും എൻ കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരായ കേസ് നടക്കുന്നതിനിടെ അദ്ദേഹം ഒരുക്കിയ വിരുന്നിൽ ലോകായുക്ത പങ്കെടുത്തത് ജുഡീഷ്യൽ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ്. അപമാനം കൊണ്ട് തലകുനിക്കേണ്ട അവസ്ഥയാണിത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇത്തരം ഒരു സംവിധാനം എന്തിനാണെന്ന് വ്യക്തമാക്കണം. എന്ത് നീതിബോധമാണ് ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കുമുള്ളത്- എൻ കെ പ്രേമചന്ദ്രൻ ചോദിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടേയും ഗവർണ്ണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും അനാവശ്യവിവാദമാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. പക്ഷെ മുഖ്യമന്ത്രിയുടെ വിരുന്നിലെ ലോകായുക്ത സാന്നിധ്യം പരമാവധി മറച്ചുവെക്കാൻ സർക്കാർ ശ്രമിച്ചു എന്നാണു പുറത്തു വരുന്ന വിവരം. പരിപാടിയെ കുറിച്ചുള്ള പിആർഡി വാർത്താകുറിപ്പിൽ പങ്കെടുത്തുവരുടെ പട്ടികയിൽ ലോകായുക്തയുടെ പേര് ഉണ്ടായിരുന്നില്ല എന്നും ആരോപണം ഉണ്ട്. മാത്രമല്ല ചാനലുകൾക്ക് പിആർഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു.