കോട്ടയത്ത് ആരോപണങ്ങളുടെ ചൂടിന് വേനല്‍ച്ചൂടിനേക്കാള്‍ കടുപ്പം; കോട്ടയം ആരെ തുണയ്ക്കും ?

single-img
27 March 2024

ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിന്‍റെ പൊള്ളുന്ന 36 ഡിഗ്രി താപനിലയ്ക്ക് മേലാണ് കോട്ടയത്തെ പ്രചരണച്ചൂട്. ഇടതു-വലതു മുന്നണികളിലെ കേരള കോണ്‍ഗ്രസുകളും എന്‍ഡിഎ കണ്‍വീനറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കോട്ടയത്ത് ഇത്തവണ പോരിന് വീര്യം കൂടും.

കഴിഞ്ഞ 5 വര്‍ഷത്തെ മണ്ഡല വികസനത്തില്‍ ശശി തരൂരും എന്‍കെ പ്രേമചന്ദ്രനും ഉള്‍പ്പെടെയുള്ള താരശോഭയുള്ള എംപിമാരേപ്പോലും പിന്നിലാക്കി എല്ലാ കാര്യങ്ങളിലും ഒന്നാമനായ സിറ്റിംങ്ങ് എംപി തോമസ് ചാഴികാടനാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി. എംപി ഫണ്ട് വിനിയോഗത്തില്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ചുള്ള റോഡുകളുടെ വികസനത്തിലും റെയില്‍വേ വികസനത്തിലും ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണത്തിലും വരെ കേരളത്തിലെ 20 എംപിമാരില്‍ ഒന്നാമനാണ് ചാഴികാടന്‍. അതിനും അപ്പുറമാണ് നടപ്പിലാക്കിയ വികസന പദ്ധതികളുടെ എണ്ണത്തിലും മുമ്പില്‍ ചാഴികാടനാണ് എന്നത്. 5 വര്‍ഷം കൊണ്ട് 284 പദ്ധതികളാണ് തോമസ് ചാഴികാടന്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. സംസ്ഥാന ശരാശരിയില്‍ മറ്റ് എംപിമാരേക്കാള്‍ ഇരട്ടിയോളം മുകളിലാണിത്.

ചാഴികാടനെതിരെ യുഡിഎഫ് അണിനിരത്തുന്ന എതിരാളി മുമ്പ് 10 വര്‍ഷം ഇടുക്കി എംപിയായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജാണ്. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ കൂടിയാണ് അദ്ദേഹം. 1994 മുതല്‍ 2004 വരെ ഇടുക്കി എംപിയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ അന്തരിച്ച കെഎം ജോര്‍ജിന്‍റെ മകന്‍. രണ്ടു കേരള കോണ്‍ഗ്രസുകള്‍ തമ്മിലാണ് പോരാട്ടം എന്നതിനാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും പഞ്ഞമില്ല.

കഴിഞ്ഞ തവണ യുഡിഎഫില്‍ മല്‍സരിച്ച് വിജയിച്ച ചാഴികാടന്‍ ഇത്തവണ ഇടതുക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതാണ് യുഡിഎഫിന്‍റെ പ്രധാന ആരോപണം. അത് യുഡിഎഫ് തങ്ങളെ പുറത്താക്കിയതുകൊണ്ടാണെന്ന് തെളിയിക്കാന്‍ അന്നത്തെ യുഡിഎഫ് കണ്‍വീനറുടെയും ചെയര്‍മാന്‍റെയും പത്രസമ്മേളനങ്ങളുടെ വീഡിയോ പുറത്തിറക്കിയാണ് ചാഴികാടന്‍റെ മറുപടി.

മാത്രമല്ല, 2009 -നു ശേഷം 12 വര്‍ഷത്തിനിടയില്‍ 4 തവണ മുന്നണിയും 4 തവണ പാര്‍ട്ടിയും മാറിയ ഫ്രാന്‍സിസ് ജോര്‍ജ് ഇനി വിജയിച്ചാല്‍ തന്നെ ബിജെപിയില്‍ പോകില്ല എന്നതിന് എന്താണ് ഉറപ്പെന്നാണ് ഇടതുപക്ഷത്തിന്‍റെ മറുചോദ്യം. 2009 വരെ ഇടതുപക്ഷത്തായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് അതേ വര്‍ഷം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുന്നണിയും പാര്‍ട്ടിയും മാറി യുഡിഎഫിലെത്തുകയും വീണ്ടും 2016 -ല്‍ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് വിട്ട് ഇടതുപക്ഷത്തെത്തി സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും വീണ്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി മാറി യുഡിഎഫിലെത്തുകയും ചെയ്തത് പ്രചരണ രംഗത്ത് ആയുധമാക്കാനാണ് ഇടതുപക്ഷ നീക്കം. 12 വർഷ കാലയളവിൽ 4 തവണ മുന്നണിയും 4 തവണ പാർട്ടിയും മാറിയ നേതാക്കൾ വേറെ ഇല്ലെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.

അത് കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരെങ്കില്‍ ഇടയ്ക്ക് കയറിയിരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി നയിക്കുന്ന മുന്നണിയുടെ സംസ്ഥാന കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിയാണ്. എന്‍ഡിഎ സഖ്യത്തിന്‍റെ കരുത്ത് കോട്ടയത്ത് തെളിയിക്കാനുള്ള വാശിയിലാണ് തുഷാര്‍.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന പിസി തോമസ് പിടിച്ച 1.70 ലക്ഷം വോട്ടുകള്‍ക്ക് മുകളിലാകണം തുഷാറിന്‍റെ വോട്ട് വിഹിതം എന്നതാണ് എന്‍ഡിഎയുടെ ടാര്‍ജറ്റ്. ബിഡിജെഎസ് അധ്യക്ഷന്‍ മണ്ഡലത്തില്‍ മല്‍സരിക്കാനെത്തുമ്പോള്‍ ബിജെപി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടാകാതെ നോക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്വമാണ്.

അങ്ങനെ വന്നാല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ ബിജെപി കാലുവാരി എന്ന ആരോപണം ഉയരും. അത് എന്‍ഡിഎ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും. എന്‍ഡിഎയിലെ സമുദായ സമവാക്യങ്ങളുടെ ബലാബല പരീക്ഷണങ്ങളില്‍ തുഷാറിന് കോട്ടം തട്ടാതെ സംരക്ഷിക്കാനുള്ള ബാധ്യത ബിജെപിക്ക് ഏറ്റെടുക്കേണ്ടതായി വരും. മാത്രമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്ഥാനാര്‍ത്ഥിയുമാണ് തുഷാര്‍.