കോടിയേരിയുടെ നിര്യാണത്തിലൂടെ ഉണ്ടായ നഷ്ടം കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കും: സിപിഎം

single-img
7 October 2022

കോടിയേരി ബാലകൃഷ്‌ണന്‌ അര്‍ഹിക്കുന്ന ആദരവോടെയാണ്‌ കേരള ജനത അന്ത്യോപചാരമര്‍പ്പിച്ചത്‌ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് . അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ രംഗങ്ങളില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞതാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു കേരള ജനതയുടെ പ്രതികരണം. ഇതുമായി സഹകരിച്ച എല്ലാവരേയും അഭിവാദ്യം ചെയ്യുന്നതായി സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ്‌ കോടിയേരി ബാലകൃഷ്ണന്റെ അന്ത്യമുണ്ടായത്‌. ദീര്‍ഘ നാളത്തെ രോഗാവസ്ഥ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീര്‍ഘമായ ഒരു യാത്ര അതുകൊണ്ട്‌ തന്നെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ്‌ ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ചെന്നൈയിൽ നിന്ന്‌ തലശ്ശേരിയിലേക്കും, പിന്നീട്‌ കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനമെടുത്തതെന്നും പ്രസ്താവനയിൽ പറയുന്നു.

കോടിയേരിക്ക്‌ അന്ത്യയാത്ര നല്‍കുന്നതിന്‌ സംസ്ഥാനത്തും, പുറത്തുമുള്ള എല്ലാ വിഭാഗങ്ങളും എത്തിച്ചേരുകയുണ്ടായി. സഖാവിനെ സ്‌നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ്‌ തലശ്ശേരിയിലേക്കും, കണ്ണൂരിലേക്കും ഉണ്ടായത്‌. തികഞ്ഞ അച്ചടക്കത്തോടെ ക്രമീകരണങ്ങളോട്‌ സഹകരിക്കാന്‍ ജനങ്ങള്‍ സന്നദ്ധമായി എന്നതും ആ ആദരവിന്റെ ദൃഢതയാണ്‌ വ്യക്തമാക്കുന്നത്‌. അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ പാര്‍ടി പ്രവര്‍ത്തകരോടും, സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ വ്യക്തിത്വങ്ങളോടും, ബഹുജനങ്ങളോടും പാര്‍ടിക്കുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.

രോഗാവസ്ഥ കണ്ടുപിടിച്ചതോടെ ഏറ്റവും വിദഗ്‌ദമായ ചികിത്സ ലഭ്യമാക്കുന്നതിനാണ്‌ പാര്‍ടി പരിശ്രമിച്ചത്‌. തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കുകയും ചെയ്‌തിരുന്നു. ഇതിനായി ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും അശ്രാന്തപരിശ്രമം തന്നെയാണ്‌ നടത്തിയത്‌. അതിനായി പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരോട്‌ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിലൂടെ വലിയ നഷ്ടമാണ്‌ പാര്‍ടിക്കുണ്ടായിട്ടുള്ളത്‌. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലുണ്ടായ നഷ്ടങ്ങളെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി മറികടന്നത്‌. അത്തരത്തിലുള്ള കൂട്ടായ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകുമെന്ന്‌ പാര്‍ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ബഹുജനങ്ങള്‍ക്കും ഉറപ്പ്‌ നല്‍കുന്നതായും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.