ഓണ്‍ലൈന്‍ വായ്‌പ ആപ്പുകളുടെ കെണിയില്‍പ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടു; നടി ലക്ഷ്മി വാസുദേവന്‍
ചെന്നൈ: ഓണ്‍ലൈന്‍ വായ്‌പ ആപ്പുകളുടെ കെണിയില്‍പ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടെന്ന് നടി ലക്ഷ്മി വാസുദേവന്‍.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ നേരിട്ട ദുരനുഭവം നടി കരഞ്ഞുപറഞ്ഞത്. മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്‌തോടെ ഫോണ്‍ ഹാക്കായെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍.
തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് അയച്ചെന്നും ലക്ഷ്മി തുറന്നുപറഞ്ഞു. അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്ന് കാണിച്ച് ഈ മാസം പതിനൊന്നിന് ലക്ഷ്മിക്കൊരു സന്ദേശം ലഭിച്ചിരുന്നു. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ്പ് ഡൗണ്‍ലോഡ് ആയി. ഇതിനുപിന്നാലെ ഫോണ്‍ ഹാക്കാവുകയായിരുന്നു.
നാല് ദിവസത്തിന് ശേഷം വായ്പ തിരിച്ചടക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. പണമടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. മാതാപിതാക്കളടക്കം വാട്സാപ്പ് കോണ്‍ടാക്‌ട് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും തട്ടിപ്പ് സംഘം ചിത്രങ്ങള്‍ അയച്ചുകൊടുത്തെന്നും നടി വെളിപ്പെടുത്തി.
സെക്കന്ദരാബാദ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ലക്ഷ്മി വ്യക്തമാക്കി. ഇനി ആര്‍ക്കും ഇങ്ങനൊരവസ്ഥ വരരുതെന്ന് പറഞ്ഞുകൊണ്ടാണ് നടി വീഡിയോ അവസാനിപ്പിച്ചത്. തമിഴ്, തെലുങ്ക്, കന്നട സിനിമകളിലൂടെ ശ്രദ്ധേയായ ലക്ഷ്മി സീരിയലുകളിലും സജീവമാണ്.