ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു

single-img
1 September 2023

ദില്ലി: ​​ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു.  19 കിലോ സിലിണ്ടറിന്  158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ആ​ഗസ്റ്റ് 30  മുതൽ പാചകവാതക വിലക്കുറവ്  പ്രാബല്യത്തിൽ എത്തിയിരുന്നു. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും.

കൊവിഡ് കാലത്ത് പാചക വാതക സബ്സിഡ് സർക്കാർ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. വൻ പ്രതിഷേധം ഉയരുമ്പോഴാണ് ഇത് ചെറുതായെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നത്. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടുമെന്ന് സർക്കാർ അറിയിച്ചു. 75 ലക്ഷം പുതിയ ഉജ്വല യോജന കണക്ഷനുകൾ കൂടി നൽകാൻ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു.