വിറകിന് പകരം സ്‌കൂളിലെ ബെഞ്ചുകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണം തയ്യാറാക്കി; അന്വേഷണം
ബീഹാറില്‍ പട്‌നയിലെ സര്‍ക്കാര്‍ സ്‌കൂളിൽ കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കാനായി വിറകിന് പകരം സ്‌കൂളിലെ ബെഞ്ചുകള്‍ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം. സ്‌കൂളിൽ ഉച്ച ഭക്ഷണം തയ്യാറാക്കാന്‍ ബെഞ്ചുകള്‍ വിറകാക്കിയ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത് .
സംസ്ഥാനത്തെ ബിഹ്ത മിഡില്‍ സ്‌കൂളിലെ ദൃശ്യങ്ങളാണ് വൈറലായത്. സ്‌കൂള്‍ ബെഞ്ചുകള്‍ കൊത്തിക്കീറി അടുപ്പില്‍ വയ്ക്കുന്ന പാചകക്കാരിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാകുന്നത് . വിറകില്ലാത്തതിനാലാണ് ഈ രീതിയിൽ സാഹസം ചെയ്തതെന്നാണ് പാചകക്കാരി വിശദമാക്കുന്നത്. അതേസമയം വിറകില്ലാത്തതിനാല്‍ ബെഞ്ച് കത്തിക്കാന്‍ അധ്യാപികയാണ് നിര്‍ദ്ദേശിച്ചതെന്നും പാചക്കാരി വൈറല്‍ വീഡിയോയില്‍ വിശദമാക്കുന്നുണ്ട്.
എന്നാല്‍ സ്‌കൂൾ അധ്യാപിക ഈ അവകാശവാദം ഇതിനോടകം നിഷേധിച്ചിട്ടുണ്ട്. പാചകക്കാരി തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് അധ്യാപിക പറയുന്നത്. ബെഞ്ച് കത്തിക്കാനായി നിര്‍ദ്ദേശിച്ച പ്രിന്‍സിപ്പലിനെ രക്ഷിക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അധ്യാപിക അവകാശപ്പെടുന്നത്.
ഈ ആരോപണം നിഷേധിച്ച പ്രിന്‍സിപ്പല്‍ സംഭവിച്ചത് മാനുഷികമായ തെറ്റാണെന്നും ആവശ്യത്തിന് വിഭ്യാസമില്ലാത്തതാണ് പാചകക്കാരി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതിന് പിന്നിലെന്നുമാണ് പ്രിന്‍സിപ്പല്‍ പ്രവീണ്‍ കുമാര്‍ രഞ്ജന്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. എന്തായാലും സംഭവം വിവാദമായതിന് പിന്നാലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.