ലൈഫ് മിഷന്‍ കോഴക്കേസിൽ ജാമ്യം; എം ശിവശങ്കര്‍ ജയില്‍മോചിതനായി
രാഷ്ട്രീയ വിവാദമായി മാറിയ ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം ലഭിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് ജയില്‍മോചിതനായി. നട്ടെല്ലിന്റെ ചികിത്സക്കായാണ് സുപ്രിംകോടതി ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും സാങ്കേതികമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഇന്നുച്ചയോടെയായിരുന്നു ശിവശങ്കറിന് ജയിലില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞത്. അന്വേഷണത്തില്‍ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവില്‍ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാന്‍ പാടുളളൂ എന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടാണ് ജാമ്യം കോടതി അനുവദിച്ചിരിക്കുന്നത്.
അതേസമയം, കസ്റ്റഡിയില്‍ നിന്നുകൊണ്ട് തന്നെ ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി വാദം കോടതി തള്ളിയാണ് ജാമ്യം നല്‍കിയത്. ഈ വർഷം ഫെബ്രുവരി 14 ന് ഇഡി റ്റ് അറസ്റ്റ് ചെയ്തതു മുതല്‍ ലൈഫ് മിഷന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കര്‍ കസ്റ്റഡിയിലായിരുന്നു.