കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാധ്യമാകണം; ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ വിവാദത്തില്‍ എം എ ബേബി
സിപിഎം പിബി അംഗം എം എ ബേബിക്കെതിരെ ഫേസ്ബുക്കിൽ ഉയർന്ന ഇടതുപക്ഷ അനുഭാവികളുടെ വിമർശനങ്ങള്‍ക്ക് മറുപടിയുമായി എം എ ബേബി. നടൻ ഹരീഷ് പേരടിയുടെ അഭ്യർത്ഥന പ്രകാരമാണ് പോസ്റ്റർ പങ്കുവെച്ചതെന്നും തനിക്കും തന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല എന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്കിൽഎഴുതി.
മാത്രമല്ല, സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാടെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഹരീഷ് പേരടിയുടെ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിന് പിന്നാലെയാണ് എം.എ ബേബിക്കെതിരെ ഫേസ്ബുക്കിൽ വിമർശനങ്ങളുയരുന്നത്. പാർട്ടിയെയും മുഖ്യമന്ത്രിയെയും തുടർച്ചയായി വിമർശിക്കുന്ന ആളുടെ പ്രമോഷൻ ഏറ്റെടുത്തത് തെറ്റായിപ്പോയെന്നായിരുന്നു വിമർശനം.ഇന്ന് രാവിലെയായിരുന്നു’ ദാസേട്ടന്‍റെ സൈക്കിള്‍ ‘ എന്ന ചിത്രത്തിന്‍റെ പോസ്റ്റർ എം.എ ബേബി തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്.