ബ്രഹ്മപുരം പ്രതിസന്ധി; ഒരു കോടി രൂപ കൊച്ചി കോർപ്പറേഷന് കൈമാറി എം എ യൂസഫലി

single-img
15 March 2023

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി ഒരു കോടി രൂപ കോർപ്പറേഷന് കൈമാറി വ്യവസായിയായ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ശക്തമായ പുക മൂലം ശ്വാസ സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി വൈദ്യസഹായം എത്തിക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് തുക കൈമാറിയതെന്ന് എം എ യൂസഫലി അറിയിച്ചു.

കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽ കുമാറിനെ ഫോണിൽ വിളിച്ചാണ് എം എ യൂസഫലി ഇക്കാര്യമറിയിച്ചത്. ജനങ്ങളുടെ പങ്കാളിത്തത്തോടെ നഗരസഭ ഏറ്റെടുക്കാൻ പോകുന്ന കൊച്ചിയെ ശുചീകരിക്കാനുള്ള ക്യാമ്പയിനിൽ ഒരു കോടി രൂപ എം എ യൂസഫലി വാഗ്ദാനം ചെയ്തുവെന്ന് കൊച്ചി മേയർ എം. അനിൽ കുമാർ പറഞ്ഞു.

‘വൈകിട്ട് തന്നെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ എനിയ്ക്ക് ചെക്ക് കൈമാറി. യൂസഫലിക്ക് നഗരത്തിന്റെ നന്ദി അറിയിക്കുന്നു. നാം എല്ലാവരും ഒത്തുപിടിച്ചാൽ ക്ലീൻ ഗ്രീൻ കൊച്ചി (HEAL പദ്ധതി )പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും എന്നതിന്റെ ഉറപ്പാണ് യൂസഫലിയുടെ പിന്തുണ. സംഭാവനയായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സുതാര്യമായി ജനങ്ങളെ അറിയിക്കും,’ മേയർ ഫേസ്ബുക്ക് കുറിപ്പിൽ എഴുതി.