വയനാട് ദുരന്തം; കേരളത്തിന് 20 കോടി രൂപ ധനസഹായവുമായി മധ്യപ്രദേശ് സര്‍ക്കാര്‍
വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വന്‍ നാശം സംഭവിച്ച കേരളത്തിന് 20 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. പ്രളയം ബാധിച്ച ത്രിപുരയ്ക്കും കേരളത്തിന്നും ധനസഹായമായി 20 കോടി രൂപ മോഹന്‍ യാദവ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ മധ്യപ്രദേശ് ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ശക്തമായ മഴ, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളാല്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ത്രിപുരയും കേരളവും ഇതുപോലെയുള്ള രൂക്ഷമായ പ്രകൃതിക്ഷോഭങ്ങള്‍ അഭിമുഖീകരിച്ചുവെന്നും മോഹന്‍ യാദവ് എക്‌സില്‍ എഴുതി.
ജനങ്ങളുടെ ജീവനും സ്വത്തിനും വന്‍ തോതില്‍ നാശനഷ്ടമുണ്ടായെന്നത് വളരെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഈ സുവര്‍ണാവസരത്തില്‍, ത്രിപുര, കേരള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ 20 കോടി രൂപ വീതം കൈമാറും – മുഖ്യമന്ത്രി അറിയിച്ചു.
പ്രതിസന്ധികളുടെ ഈ സമയത്ത് ഇരു സംസ്ഥാനങ്ങളോടും മധ്യപ്രദേശ് സര്‍ക്കാര്‍ എക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രതിസന്ധി എത്രയും വേഗം തരണം ചെയ്യാന്‍ ശ്രീകൃഷ്ണനോട് പ്രാര്‍ഥിക്കുന്നതായും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു.