ഹിന്ദു ദേവന്മാരുടെ കഥാപാത്രങ്ങളുടെ വസ്ത്രവും രൂപവും തെറ്റായി നൽകി; ‘ആദിപുരുഷി’നെതിരെ കേസ് കൊടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി
സൂപ്പർ താരം പ്രഭാസ് നായകനാകുന്ന രാമായണംഅടിസ്ഥാനമാക്കി ഒരുങ്ങുന്ന ‘ആദിപുരുഷി’നെതിരെ കേസ് കൊടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഹൈന്ദവ ദേവീദേവന്മാരുടെ കഥാപാത്രങ്ങളെശരിയായ രീതിയിലല്ല ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച മന്ത്രി പ്രസ്താവന നടത്തിയത്.
സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെയാണ് തെറ്റായ രീതിയിലുള്ള ഈ ചിത്രീകരണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കൂടിയായ നരോത്തം മിശ്ര അറിയിച്ചത്. ‘ആദിപുരുഷിന്റെ ട്രെയിലർ ഞാൻ കണ്ടു, അതിൽ എതിർക്കപ്പെടേണ്ട രംഗങ്ങളുണ്ട്. ഹിന്ദു ദേവന്മാരുടെ കഥാപാത്രങ്ങളുടെ വസ്ത്രവും രൂപവും യഥാർത്ഥ വിധത്തിലല്ല ആവിഷ്‌കരിച്ചിരിക്കുന്നത് . ഹനുമാൻജി ധരിച്ചിരിക്കുന്നത് ലഥറാണ്.
നമ്മുടെ പുരാണങ്ങളിലുള്ള വസ്ത്രധാരണ രീതി ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഈ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുകയാണ്. ഇത്തരം രംഗങ്ങൾ നീക്കം ചെയ്യാൻ ഞാൻ സംവിധായകൻ ഓം റൗത്തിന് കത്തെഴുതും. അവ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും’ മിശ്ര പറഞ്ഞു.
അതേസമയം, സിനിമയിൽ രാവണനായി എത്തുന്ന സെയ്ഫ് അലിഖാന്റെ ഗെറ്റപ്പിനെയും ആരാധകർ വിമർശന വിധേയമാക്കുന്നുണ്ട്. കാണുന്നത് രാവണനെയാണോ ഡ്രാക്കുളയെയാണോയെന്നും ചില ആരാധകർ സംശയം പ്രകടിപ്പിച്ചു. ടീസർ വീഡിയോയും കുട്ടികളുടെ കാർട്ടൂൺ സംഭാഷണവും ചേർത്തുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.