മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം; സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നൽകരുത്: ദേശീയ ബാലാവകാശ കമ്മീഷന്‍

single-img
12 October 2024

രാജ്യത്തെ മദ്രസകള്‍ക്ക് ഇനി ധനസഹായം നല്‍കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍.മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എൻ സി പി സി ആർ കത്തയച്ചു. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.

മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കരുതെന്ന ആവശ്യപ്പെട്ട് എന്‍സിപിസിആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ കത്തയച്ചു. സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കത്തയച്ചത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നുമാണ് കത്തിലെ ശുപാര്‍ശ.

എന്‍സിപിസിആര്‍ തയ്യാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.

മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് അടിസ്ഥാന ധാരണ ലഭിക്കുന്നില്ലെന്നും അധ്യാപകര്‍ക്ക് അടിസ്ഥാനയോഗ്യതയില്ലെന്നും യുപിയിലെ യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ഭരണഘടനാ വ്യവസ്ഥകളും വിദ്യാഭ്യാസ അവകാശ നിയമവും ബാലാവകാശ നിയമവും ലംഘിച്ച് തികച്ചും ഏകപക്ഷീയമായാണ് മദ്രസകളുടെ പ്രവര്‍ത്തനമെന്നാണ് ബിജെപിയുടെ നിലപാട്. കേരളത്തില്‍ മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരും ബിജെപിയും നിരവധി തവണയാണ് വിമര്‍ശനം ഉയര്‍ത്തിയിട്ടുളളത്.