വിദ്യാഭ്യാസത്തിൽ കേരളം മാതൃക; പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും കേരളത്തിൽ

single-img
18 November 2022

കേരളം പിന്തുടരുന്ന വിദ്യാഭ്യാസ മാതൃകയുടെ പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും ഇന് തലസ്ഥാനമായ തിരുവനന്തപുരത്തെത്തി. സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചർച്ച നടത്തി.

കേരള മോഡൽ വിദ്യാഭ്യാസവും അതുമായി ബന്ധപ്പെട്ട ഭരണപരമായ വിവരങ്ങളും സംബന്ധിച്ച ആശയവിനിമയമാണ് നടന്നത്. കേരളത്തിലെ 1957 ലെ ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഒന്നാം പിണറായി വിജയൻ സർക്കാർ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും അതിന്റെ ഗുണഫലങ്ങളും ചർച്ച ചെയ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ പൊതു വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന നവീന ആശയങ്ങളും പദ്ധതികളും വിശദമാക്കി. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ സ്ഥാപനങ്ങളുടെ മേധാവികളുമായും മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും വേറെ യോഗം ചേരുകയുമുണ്ടായി.