ടീഷര്‍ട്ടുകളോ ജീന്‍സുകളോ പാടില്ല; അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

single-img
18 March 2024

മഹാരാഷ്ട്ര സർക്കാർ സംസ്ഥനത്തെ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് പ്രഖ്യാപിച്ചു.ടീഷര്‍ട്ടുകളോ ജീന്‍സുകളോ ഡിസൈനുകളും ചിത്രങ്ങളും ഉള്ള ഷര്‍ട്ടുകളോ ധരിക്കാന്‍ അധ്യാപകര്‍ക്ക് അനുവാദമില്ലെന്ന് അധികൃതര്‍ പറയുന്നു.

അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിക്കണം.പുരുഷ അധ്യാപകര്‍ ടക്ക് ഇന്‍ ചെയ്ത ഷര്‍ട്ടും പാന്റുമാണ് ധരിക്കേണ്ടത്. പുതിയ സര്‍ക്കുലര്‍ വരുന്ന വെള്ളിയാഴ്ച്ച പുറത്ത് വിടും. അധ്യാപകര്‍ പ്രസന്നവും മാന്യതയുമുള്ള വസ്ത്രം ധരിച്ച് സ്‌കൂളിലേക്ക് വരണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഒമ്പത് മാര്‍ഗരേഖകളാണ് പുറത്തിറക്കിയിരിക്കുന്നത്.

ഇത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കും സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍ ഈ നീക്കത്തിനെതിരെ അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദരില്‍ ചിലരും വിമര്‍ശനവുമായി രംഗത്തെത്തി. അധ്യാപകര്‍ വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധപുലര്‍ത്താറുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് അധ്യാപകരുടെ വസ്ത്രധാരണത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരുടെ വ്യക്തിപരമായ അവകാശമാണെന്നും അധ്യാപകര്‍ വ്യക്തമാക്കി.