മാനസികാരോഗ്യകേന്ദ്രത്തിലെ പ്രണയത്തിനൊടുവില്‍ മഹേന്ദ്രനും ദീപയും ഒന്നിച്ചു

single-img
29 October 2022

ചെന്നൈ: മാനസികാരോഗ്യകേന്ദ്രത്തിലെ പ്രണയത്തിനൊടുവില്‍ മഹേന്ദ്രനും ദീപയും ഒന്നിച്ചു. വേദമന്ത്രങ്ങളുടെ അകമ്ബടിയോടെ മാനസികാരോഗ്യകേന്ദ്രത്തിന് സമീപമുള്ള വിനായകക്ഷേത്രത്തില്‍ ഇന്നലെ രാവിലെ 9.15-ന് മഹേന്ദ്രന്‍ ദീപയുടെ കഴുത്തില്‍ താലി ചാര്‍ത്ത, ഇരുവരും മാലകളണിഞ്ഞു.

മെഡിക്കല്‍ ഓഫീസര്‍മാരെയും ഡോക്ടര്‍മാരെയും നഴ്സുമാരെയും ജീവനക്കാരെയുമൊക്കെ സാക്ഷിയാക്കിയായിരുന്നു വിവാഹം.

ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ച ഇരുവര്‍ക്കും വിവാഹസമ്മാനവുമായി ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനുമെത്തി. ഇരുവര്‍ക്കും ജോലിനല്‍കിക്കൊണ്ടുളള നിയമന ഉത്തരവായിരുന്നു മന്ത്രിയുടെ സമ്മാനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ഹെല്‍ത്തിലെ വാര്‍ഡ് മാനേജരായാണ് നിയമനം. 15,000 രൂപ വീതമാണ് ശമ്ബളം.

രണ്ടുവര്‍ഷംമുമ്ബാണ് മഹേന്ദ്രന്‍ ചികിത്സയ്ക്കായി ഇവിടെയെത്തിയത്. രോഗം ഭേദമായതോടെ ഇവിടെയുള്ള ഡേ കെയര്‍ സെന്ററില്‍ ജോലിചെയ്യാന്‍ തുടങ്ങി. ബിസിനസ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദവും എം ഫിലും പൂര്‍ത്തിയാക്കിയിട്ടുണ്ട് മഹേന്ദ്രന്‍. എം എയും ബി എഡും പൂര്‍ത്തിയാക്കിയ ദീപ അധ്യാപികയായി ജോലിചെയ്യുന്നതിനിടെ അച്ഛന്‍ മരിച്ചതാണ് മാനസികനില തെറ്റാന്‍ കാരണം. ഒന്നരവര്‍ഷംമുമ്ബ് ചികിത്സ തേടിയെത്തിയ ദീപയും രോഗം കുറഞ്ഞതോടെ ഡേ കെയറില്‍ സെന്ററില്‍ പരിശീലനത്തിനെത്തി. 42-കാരനായ മഹേന്ദ്രനും 36-കാരിയായ ദീപയും തമ്മിലുള്ള പ്രണയബന്ധം അറിഞ്ഞ ഡോക്ടറാണ് ഇരുവരുടെയും ബന്ധുക്കളുമായി ആലോചിച്ച്‌ വിവാഹം ഉറപ്പിച്ചത്.