ഔദ്യോഗിക വസതി ഒഴിയല്‍; വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര
എംപിമാർക്കുള്ള ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്ന് കാണിച്ച് ഭവന നിര്‍മാണ-നഗര കാര്യാലയ വകുപ്പ് (ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് – ഡി.ഒ.ഇ.) നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര.
സംഭവവുമായി ബന്ധപ്പെട്ട് ഇത് രണ്ടാമത്തെ തവണയാണ് മഹുവ കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി തള്ളിയ കോടതി ഇത്തവണ കേസ് പരിഗണിച്ചിട്ടുണ്ട്. ജസ്റ്റിസ് ഗിരീഷ് കാത്പാലിയയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് മഹുവയോട് ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ലമെന്റ് അംഗം എന്ന നിലയിലാണ് ബംഗ്ലാവ് അനുവദിച്ചിരുന്നതെന്നും ആ പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ട സ്ഥിതിക്ക് ഇനിയും അവിടെ തുടരാന്‍ മഹുവയ്ക്ക് അവകാശമില്ലെന്നുമാണ് ഡി.ഒ.ഇ. പറയുന്നത്. ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനാണ് എം.പിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വസതികളുടേയും കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് വസ്തുവകകളുടേയും ചുമതല. ബുധനാഴ്ചയാണ് ബംഗ്ലാവ് ഒഴിയണമെന്ന് കാണിച്ച് യൂണിയന്‍ ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മിനിസ്ട്രി മഹുവയ്ക്ക് നോട്ടീസ് അയച്ചത്.
നോട്ടീസ് കിട്ടിയാലുടന്‍ ബംഗ്ലാവ് ഒഴിയണമെന്നാണ് നിയമമെന്നും ഇത് ഉറപ്പുവരുത്തുന്നതിനായി ഉദ്യോഗസ്ഥര്‍ വൈകാതെ ഇവിടെ പരിശോധനയ്ക്ക് എത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹരിനന്ദാനിയില്‍നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന പരാതിയില്‍ എത്തിക്സ് കമ്മിറ്റി കുറ്റക്കാരിയായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് മഹുവയെ ലോക്സഭയില്‍നിന്ന് പുറത്താക്കിയത്. ഇതിനുപിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് കാണിച്ച് ഡിസംബര്‍ 11-ന് ഡി.ഓ.ഇ. മഹുവയ്ക്ക് നോട്ടീസ് അയച്ചിരുന്നു.