ചോദിച്ചത് വെറും വൃത്തികെട്ട ചോദ്യങ്ങൾ; എത്തിക്‌സ് പാനൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി മഹുവ മൊയ്‌ത്ര
തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയും ബിഎസ്പി എംപി ഡാനിഷ് അലിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി എംപിമാർ ഇന്ന് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി ഹിയറിങ്ങിനിടെ ഇറങ്ങിപ്പോയി. വ്യക്തിപരമായതും ധാര്‍മികതയ്ക്ക് നിരയ്ക്കാത്തതുമായ ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
കമ്മിറ്റിയുടെ ഹിയറിങ് നടക്കുന്നതിനിടെ ഒരു എംപി മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും അവര്‍ ആരോപിച്ചു. “ആരുടെയോ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നത് പോലെയായിരുന്നു എത്തിക്‌സ് കമ്മിറ്റി ചെയർമാന്റെ ഓരോ ചോദ്യങ്ങളും. ഇത് വളരെ മോശമാണ്. ആൺ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കുന്നതിനെ കുറിച്ചും രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് മൊയ്ത്ര വ്യക്തമാക്കി.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിരപരാധിയാണെന്ന് മഹുവ മൊയ്ത്ര പാർലമെന്ററി കമ്മിറ്റിയോട് പറഞ്ഞു. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മെഹുവ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കി.കോൺഗ്രസ് എംപി എൻ ഉത്തം കുമാർ റെഡ്ഡി, ബിഎസ്പിയുടെ ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ എംപിമാർ മഹുവക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മഹുവ മൊയ്‌ത്രയോടുള്ള ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സന്റെ ചോദ്യങ്ങൾ മാന്യതയില്ലാത്തതും അധാർമികവുമാണെന്ന് കോൺഗ്രസ് എംപി എൻ ഉത്തം കുമാർ റെഡ്ഡി ആരോപിച്ചു. പ്രതിപക്ഷ നേതാക്കൾ ഇറങ്ങിപ്പോയതിനെത്തുടർന്ന് എത്തിക്‌സ് കമ്മിറ്റി ചർച്ചകൾ തുടർന്നു.