ഹൈന്ദവ വിശ്വാസികളില്‍ മഹാഭൂരിപക്ഷവും ഹിന്ദു രാഷ്ട്രത്തിനെതിരാണ്: മന്ത്രി മുഹമ്മദ് റിയാസ്
രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും മതരാഷട്രവാദത്തിന് എതിരാണെന്നും ഹൈന്ദവ വിശ്വാസികളില്‍ മഹാഭൂരിപക്ഷവും ഹിന്ദു രാഷ്ട്രത്തിനെതിരാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരും മതസാഹോദര്യത്തോട് കൂടി നിലകൊള്ളണമെന്ന് മറ്റെല്ലാ മതങ്ങളെയും പോലെ പറയുന്ന മതമാണ് ഹിന്ദുമതം. ആര്‍.എസ്.എസ്സിനോട് അനുകൂലമായ നിലപാടെടുക്കുന്നതില്‍ മലയാളി പൊതുവെ മാറുന്നില്ല. എന്നാല്‍, മലയാളികളായ ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ മാറുന്നുണ്ട്.
ഇവിടെ കേരളത്തിന്റെ സാഹചര്യം വേറെ ആയതുകൊണ്ടാണ് ഇവര്‍ ഇങ്ങനെ നില്‍ക്കുന്നത്. കേരളത്തില്‍ ബി.ജെ.പിക്ക് കുറച്ച് എം.എല്‍.എമാരും എം.പിമാരുമൊക്കെ ഉണ്ടാകുന്ന സാഹചര്യമായാല്‍ ഇവരൊക്കെ എപ്പോള്‍ മാറിയെന്ന് നോക്കിയാല്‍ മതിയെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
മതനിരപേക്ഷത മുറുകെ പിടിക്കാന്‍ ഉത്തരവാദിത്വമുള്ള ഒരു രാഷട്രീയ പാര്‍ട്ടിയുടെ നേതാക്കന്മാരും സംസ്ഥാന സര്‍ക്കാരുമെടുക്കുന്ന നിലപാട് ലജ്ജാകരമാണ്. ശശി തരൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് എന്താണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. ഡി.കെ ശിവകുമാറിന്റെ സാമൂഹ്യമാധമങ്ങളിലെ പോസ്റ്റിനെക്കുറിച്ച് എ.ഐ.സി.സിയുടെ അഭിപ്രായമെന്താണ്. ഹിമാചലിന് പൊതു അവധി കൊടുത്ത നിലപാടില്‍ മുസ്ലിം ലീഗിന്റെ അഭിപ്രായമെന്നും അദ്ദേഹം ചോദിച്ചു.