സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വന്തമായി ജഴ്സിയില്ലാതെ മലപ്പുറം ടീം
മലപ്പുറം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വന്തമായി ജഴ്സിയില്ലാതെ മലപ്പുറം ടീം.
ഡിസംബര്‍ രണ്ട് മുതല്‍ തിരുവനന്തപുരത്താണ് ഈ വര്‍ഷത്തെ കായികമേള നടക്കുന്നത്. സാധാരണ ജില്ലയില്‍നിന്ന് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയവര്‍ മലപ്പുറത്തിന്‍റെ ജഴ്സിയണിഞ്ഞാണ് പങ്കെടുക്കാറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇക്കുറി കായികമേള നടക്കുന്നത്. ഇതോടെയാണ് ഒരുക്കത്തിലും പാളിച്ചകള്‍ വന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടക്കുന്ന പരേഡില്‍ മലപ്പുറത്തിന്‍റെ പേരുള്ള ജഴ്സിയില്ലാത്ത സാഹചര്യത്തില്‍ അതത് സ്ഥാപനങ്ങളുടെ പേരുള്ള ജഴ്സി ധരിച്ചായിരിക്കും താരങ്ങള്‍ അണിനിരക്കുക. മുന്‍വര്‍ഷങ്ങളില്‍ ജില്ല പഞ്ചായത്താണ് ജഴ്സി നല്‍കിയിരുന്നത്.
കൂടാതെ, ഇവര്‍ക്ക് പോയിവരുന്നതിന് ആവശ്യമായ യാത്രച്ചെലവും ലഭ്യമാക്കാറുണ്ട്. ഇതും ഇക്കുറി ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. അതത് ടീമുകള്‍ സ്വന്തം ചെലവിലാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. ഇത്തവണ 191 പേരാണ് ജില്ലയെ പ്രതിനിധാനംചെയ്ത് കായികമേളയില്‍ പങ്കെടുക്കുന്നത്. 102 ആണ്‍കുട്ടികളും 89 പെണ്‍കുട്ടികളും. സബ് ജൂനിയര്‍ വിഭാഗത്തില്‍ 46, ജൂനിയര്‍ വിഭാഗത്തില്‍ 73, സീനിയര്‍ വിഭാഗത്തില്‍ 72 പേരും. സാധാരണ സംസ്ഥാനതലത്തില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്ന ജില്ലയാണ് മലപ്പുറം.