ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ്; ഇരട്ട മെഡൽ നേട്ടത്തിന്റെ സന്തോഷത്തിൽ മലയാളി താരം അബ്‌ന

single-img
25 December 2023

ചണ്ഡീഗഢിലും ചെന്നൈയിലുമായി നടന്ന 61മത് ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ സ്വന്തമാക്കിയ സന്തോഷത്തിലാണ് മലയാളിയായ താരം അബ്‌ന. മെഡൽ നേട്ടത്തോടെ ഏഷ്യൻ ട്രയൽസിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന റെക്കോഡും അബ്‌നയ്ക്ക് സ്വന്തമായി . സാമ്പത്തിക പ്രതിസന്ധി മൂലം എത്തിപ്പെടാൻ പറ്റാതിരുന്ന ഏഷ്യൻ ട്രയൽസ് എന്ന സ്വപ്നമാണ് രണ്ട് വർഷങ്ങൾക്കിപ്പുറം യാഥാർഥ്യമാകുന്നത്. 17 വയസിന് മുകളിലുള്ള പെൺകുട്ടികളുടെ സ്പീഡ് ഇൻലൈൻ വിഭാഗത്തിലാണ് അബ്നയുടെ ഇരട്ട മെഡൽ നേട്ടം.

ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പത്ത് കിലോ മീറ്റർ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലും പത്തു കിലോമീറ്റർ പോയിന്റ് ടു പോയിന്റ് റോഡ് വിഭാഗം മത്സരത്തിലുമാണ് അബ്ന വെള്ളി മെഡൽ കരസ്ഥമാക്കിയത്. എറണാകുളം ജില്ലയിലെ കൊച്ചി ആമ്പല്ലൂർ സ്വദേശിയാണ് പതിനേഴുകാരിയായ അബ്‌ന. കൗതുകത്തിന്റെയും അഭിനിവേശത്തിന്റെയും പിന്നാലെയാണ് സ്‌കേറ്റിങ് എന്ന ആഗ്രഹം കടന്നുകൂടുന്നത്.

സ്‌കേറ്റിങ് പഠിച്ചിരുന്ന ബന്ധുവിൽ നിന്നാണ് അബ്നയ്ക്ക് താൽപര്യം വളരുന്നത്. കസിൻ ചേച്ചിയുടെ പഴയ സ്‌കേറ്റിങ് ഷൂസിലൂടെയായിരുന്നു തുടക്കം. അവരോടൊപ്പം സ്ഥിരം പരിശീലനത്തിൽ പങ്കാളിയായിരുന്ന അബ്‌നയുടെ താൽപര്യം തിരിച്ചറിഞ്ഞ് പ്രതേക പരിശീലനം നൽകി മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ തയാറാക്കുകയായിരുന്നു പരിശീലകൻ സിയാദ്. നിലവിൽ കേരള സ്‌കേറ്റിങ് ടീമിന്റെ പരിശീലകനും ഇന്ത്യൻ മുൻ സ്‌കേറ്റിങ് താരവുമാണ് അബ്‌നയുടെ സിയാദ് കെ എസ്.

സ്കൂൾ മത്സരങ്ങളിലാണ് തുടക്കം. 2021ലാണ് അബ്‌ന ആദ്യമായി അന്താരാഷ്ട്ര തലത്തിൽ ഒരു മെഡൽ നേടുന്നത്. 15 കിലോമീറ്റർ എലിമിനേഷൻ വിഭാഗത്തിലായിരുന്നു അന്നത്തെ വെങ്കല മെഡൽ നേട്ടം. അന്ന് ഏഷ്യൻ ട്രയൽസിൽ പങ്കെടുക്കാമായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ആ ആഗ്രഹം നഷ്ടമാകുകയായിരുന്നു. തുടർന്നാണ് 2023ലെ അബ്‌നയുടെ ഇരട്ട മെഡൽ നേട്ടം. കൊച്ചിയിൽ സ്‌കേറ്റിങ് ട്രാക്കിന്റെ അഭാവമുള്ളതിനാൽ പാലക്കാട് പെരുമ്പാവൂർ, കോതമംഗലം എന്നിവിടങ്ങളിലായാണ് നിലവിൽ പരിശീലനം നടക്കുന്നത്.