യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ മലയാളി അറസ്റ്റില്‍

single-img
15 October 2022

ദില്ലി: യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍.

കേസിലെ മുഖ്യപ്രതി റോജറിനെ ദില്ലി ഗൂഡ്ഗാവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര സ്വദേശിയായ എലിസ തങ്കരാജന്‍ പേര് മാറ്റി മാര്‍ക്ക് റോജര്‍ ആയതാണെന്ന് പൊലീസ് പറയുന്നു.

ഓണ്‍ലൈന്‍ വഴി വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പട്ടത്തും തമ്ബാനൂരും പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ സ്ഥാപനങ്ങള്‍ പൂട്ടിയ നിലയിലായിരുന്നു. അല്‍ഫാ മേരി ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനം വഴി നടന്നത് കോടികളുടെ തട്ടിപ്പാണെന്ന് പൊലീസ് പറയുന്നു. പേരൂര്‍ക്കട പൊലീസാണ് ദില്ലിയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

വിസ തട്ടിപ്പ് നടത്തിയ മറ്റൊരു കേസില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇളകൊള്ളൂര്‍ അഭിത് ഭവനത്തില്‍ പുഷ്പാംഗദന്റെ മകന്‍ അജയകുമാര്‍ (49) ആണ് അമ്ബലപ്പുഴ പൊലീസിന്റെ പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ ദ്വിജേഷ് എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പുറക്കാട് സ്വദേശിയായ ശരത്തിനെ വിദേശത്ത്‌ കൊണ്ടുപോകാമെന്ന് പറഞ്ഞ് പലപ്പോഴായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും ഗ്രീന്‍ ജോബ് കോണ്‍സുലേറ്റാന്‍സി എന്ന സ്ഥാപനത്തിന്റെ പേരില്‍ 2,20,000 രൂപ കൊടുക്കുകയും ചെയ്തു. 25,000 രൂപ കൊടുത്തപ്പോള്‍ തന്നെ ഓഫര്‍ ലെറ്റര്‍ കൊടുക്കുകയും അത് വിശ്വസിച്ചു ബാക്കി തുക കൂടി ഇയാള്‍ കൊടുക്കുകയും ചെയ്തു. പിന്നീടാണ് വ്യാജ ഓഫര്‍ ലെറ്ററാണ് ലഭിച്ചതെന്ന് ശരത്തിന് മനസ്സിലാകുന്നത്. പിന്നാലെ പണം തിരികെ ചോദിച്ചപ്പോള്‍ റഷ്യയില്‍ കൊണ്ട് പോകാമെന്ന് പറഞ്ഞ് ശരത്തിന്റെ പാസ്പോര്‍ട്ട്‌ വാങ്ങി സ്റ്റാമ്ബ്‌ ചെയ്തു കൊടുത്തു. എന്നാല്‍ വിസ കാലാവധി കഴിഞ്ഞു എന്നറിഞ്ഞ ശരത് പണം തിരികെ ചോദിച്ചു.

പലപ്പോഴായി ഒഴിവ്കഴിവുകള്‍ പറഞ്ഞു, ഫോണ്‍ എടുക്കാതെയും വന്നതോടെയാണ് അമ്ബലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ശരത്തിന്റെ പരാതിയില്‍ കേസെടുത്ത്‌ അന്വേഷണം ആരംഭിക്കുകയും പത്തനംതിട്ടയില്‍ നിന്നും അജയ കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.