മലയാളികളുടെ നിത്യഹരിത ഗായിക വാണി ജയറാം ഇനി ഓർമ്മകളിൽ
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി. കുമാർഗന്ധർവ്വയുടെ പക്കൽ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഗന്ധർവ്വയുമൊത്ത് ‘രുണാനുബന്ധാച്യാ” എന്ന മറാത്തി യുഗ്മ ഗാനം ആലപിച്ചു. ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു.സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരുക്കന്മാർ. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്.
1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങൾ പാടിയ അവർ ആശാ ഭോസ്‌ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തിൽ ഡ്യുയറ്റ് പാടി. മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി.
മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവർ 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ പാടിയ അവർ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയൊക്കെ പാട്ടുകൾക്ക് ശബ്ദം നല്കി.