പത്രിക സമർപ്പണ സമയം മല്ലികാർജുൻ ഖാർഗയെ പുറത്തിരുത്തിയത് ദളിതനായതിനാൽ; പ്രിയങ്കയ്ക്കെതിരെ ബിജെപി

single-img
25 October 2024

വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ പത്രികാ സമർപ്പണത്തിന് പിന്നാലെ സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ പ്രിയങ്ക ഗാന്ധിക്കെതിരെ ആയുധമാക്കി ബി.ജെ.പി. പ്രിയങ്കയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെയും നികുതി വെട്ടിപ്പ് പ്രകടമാകുന്ന തരത്തിലാണ് സത്യവാങ്മൂലത്തിലെ വിവരങ്ങളെന്നാണ് ബിജെപിയുടെ വിമർശനം.

ഇതോടൊപ്പം , പത്രിക സമർപ്പണ സമയത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ പുറത്തിരുത്തിയത് ദളിതനായതുകൊണ്ടാണെന്ന ആക്ഷേപവുമായി ബിജെപി ദേശീയ നേതാക്കൾ ഉൾപ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ നിഷേധിച്ച് എഐസിസി നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.

തനിക്കും ഭർത്താവായ റോബര്‍ട്ട് വാദ്രക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ഡൽഹിയിലെ മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.