മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്.
ഫലം എന്താകുമെന്ന് വ്യക്തമാണെങ്കിലും പലകാരണങ്ങളാല്‍ ചരിത്രപ്രധാനമാണ് തിങ്കളാഴ്ചത്തെ വോട്ടെടുപ്പ്. നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പ്രസിഡന്റാകും. 24 വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു വോട്ടെടുപ്പ്. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആറാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. എ.ഐ.സി.സി, പി.സി.സി ആസ്ഥാനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്. 9,000ത്തില്‍പരം പി.സി.സി പ്രതിനിധികള്‍ വോട്ടര്‍മാരായ തെരഞ്ഞെടുപ്പ് രഹസ്യ ബാലറ്റ് സമ്ബ്രദായത്തിലാണ്.
സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടു രേഖപ്പെടുത്തും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബംഗളൂരുവിലും ശശി തരൂര്‍ തിരുവനന്തപുരത്തും വോട്ടു ചെയ്യും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി, സഹയാത്രികരായ 40 പേര്‍ എന്നിവര്‍ക്കായി ബെള്ളാരിയില്‍ ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് കഴിയുന്നതോടെ ബാലറ്റ് പെട്ടികള്‍ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. നെഹ്റു കുടുംബത്തിന്റെ ആശീര്‍വാദമുള്ളതിനാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തില്‍ വോട്ടര്‍മാരും അല്ലാത്തവരുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംശയമില്ല. എന്നാല്‍, തെരഞ്ഞെടുപ്പിന് ചൂടും ചൂരും പകരാന്‍ ശശി തരൂരിന് കഴിഞ്ഞു.