രാജ്യസഭയിൽ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മൈക്ക് ഓഫ് ചെയ്തു; പ്രതിഷേധിച്ച് ‘ഇന്ത്യ’ സഭ ബഹിഷ്‌കരിച്ചു
രാജ്യസഭയിൽ ഇന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മൈക്ക് ഓഫ് ചെയ്തതതില്‍ പ്രതിഷേധം. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ സഭ ബഹിഷ്‌കരിച്ചു.
‘രാജ്യസഭയില്‍ ഇന്ന് സംഭവിച്ചത് ഇതാണ്. പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി. I.N.D.I.Aയിലെ എല്ലാ പാര്‍ട്ടികളും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി’ എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്റെ ട്വീറ്റ്.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസ്താവന നടത്തണമെന്ന I.N.D.I.Aയിലെ സഖ്യകക്ഷികളുടെ ആവശ്യം ഉന്നയിക്കുന്നതില്‍ നിന്നും ബിജെപി എംപിമാര്‍ മല്ലിമാര്‍ജ്ജുന്‍ ഖാര്‍ഗെയെ തടഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ട്വീറ്റ് ചെയ്തു.
അതേസമയം, നേരത്തെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് മറുപടി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ഇസ്റ്റ് ഇന്ത്യാ പരാമര്‍ശത്തിനായിരുന്നു ഖാര്‍ഗെ മറുപടി പറഞ്ഞത്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി പാര്‍ട്ടി യോഗത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
പ്രതിപക്ഷ പാര്‍ട്ടികളെ ഇന്ത്യ എന്ന് വിളിക്കുന്നതില്‍ എന്തിനാണ് ഭയപ്പെടുന്നത്. പാര്‍ലമെന്റില്‍ ഗവണ്‍മെന്റ് സ്വീകരിക്കാന്‍ പോകുന്ന നടപടികളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും സംസാരിക്കുകയും ചെയ്യണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.